സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 19 ഓഗസ്റ്റ് 2023 (14:30 IST)
ചര്‍മ്മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്നതാണ് മുഖക്കുരുവിന് കാരണം. കൗമാരക്കാരില്‍ ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്പ്പാദിപ്പിക്കുന്നതും മുഖക്കുരുവിന് കാരണമാകാം. കോഴിമുട്ടയുടെ അമിത ഉപയോഗവും മുഖക്കുരു ഉണ്ടാക്കാനിടയുണ്ട്. മുഖം നന്നായി കഴുകുകയും വൃത്തിയായി സൂക്ഷിക്കുകയുമാണ് ഏറ്റവും നല്ല പ്രതിവിധി. രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് ആവി കൊള്ളിച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
മനസ്സിലെ സംഘര്‍ഷങ്ങളും മുഖക്കുരുവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. യോഗ പരിശീലിക്കുന്നത് ചര്‍മ്മ സൗന്ദര്യത്തിന് മാറ്റ് കൂട്ടും. ഭക്ഷണത്തിലെ വ്യതിയാനങ്ങളും ദഹനക്കുറവും മുഖക്കുരുവിന് കാരണമാകാം. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റമിന്‍ - എ കൂടുതലടങ്ങിയ കാരറ്റും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചായ, കാപ്പി, മസാല, എണ്ണ, അണ്ടിപ്പരിപ്പ്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. വെള്ളം ധാരാളമായി കുടിക്കുക.