ഗർഭകാലത്തെ ഉറക്കമില്ലായ്മ: എങ്ങനെ നേരിടാം

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (14:31 IST)
ഗര്‍ഭസമയത്ത് കുഞ്ഞിന്റേത് പോലെ പ്രധാനമാണ് അമ്മയുടെയും ആരോഗ്യം. ഗര്‍ഭധാരണം കഴിഞ്ഞ് കുഞ്ഞായാല്‍ അമ്മമാര്‍ ഉറക്കക്കുറവ് അനുഭവിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭത്തിന്റെ അവസാന നാളുകളിലും ഗര്‍ഭിണിമാര്‍ക്ക് ഉറക്കക്കുറവ് പ്രശ്‌നമാകാറുണ്ട്. ഗര്‍ഭസമയത്തിന്റെ അവസാന നാളുകളില്‍ വയറിന്റെ വലിപ്പം വളരെ കൂടുതലായിരിക്കും. ഇത് ഉറക്കത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഈ സമയത്ത് ഉറക്കക്കുറവെന്ന പ്രശ്‌നം പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

ശരീരം മുഴുവനായി ഉയര്‍ത്തിവെയ്ക്കാനോ വിവിധ ഭാഗങ്ങള്‍ ഉയര്‍ത്തിവെയ്ക്കാനോ തലയിണകള്‍ ഉപയോഗിക്കാം. ഗര്‍ഭകാലത്തിനായി പ്രത്യേകം തയ്യാറാക്കിയ തലയിണകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാം. ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ ഒരിക്കലും മലര്‍ന്ന് കിടന്ന് ഉറങ്ങരുത്. അത് ശ്വാസം മുട്ടലിന് ഇടയാക്കുകയും രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകുകയും ചെയ്യും.

ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ കുഞ്ഞിന്റെ ഭാരം ഗര്‍ഭിണിയുടെ മൂത്രനാളികളില്‍ സമ്മര്‍ദ്ദം ഏല്‍പ്പിക്കും. ഇത് കാരണം ഗര്‍ഭിണികള്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരാറുണ്ട്. ഇതും ഉറക്കക്കുറവിന് കാരണമാകും. കുഞ്ഞിന്റെ രക്തം കൂടി ശുചിയാക്കേണ്ട ജോലി ഗര്‍ഭിണിയുടെ വൃക്കകള്‍ക്കുള്ളതിനാല്‍ തന്നെ ഈ സമയത്ത് ധാരളം വെള്ളം കുടിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ രാവിലെ പരമാവധി വെള്ളം കുടിക്കാന്‍ ശ്രമിക്കാം. ഇത് രാത്രിയിലെ മൂത്രശങ്ക ഒരളവ് വരെ കുറയ്ക്കും.

ഉറങ്ങുമ്പോള്‍ ചെറിയ വെളിച്ചത്തില്‍ മാത്രം ഉറങ്ങുക. രാത്രി സമയത്ത് കനപ്പെട്ട ഭക്ഷണങ്ങള്‍, അമിതമായി മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ലഘുഭക്ഷണങ്ങളാകണം രാത്രിയില്‍ കഴിക്കേണ്ടത്. കാപ്പി,ചോക്ലേറ്റ്,സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ പൂര്‍ണമായും ഒഴിവാക്കാം. ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ യോഗ, നീന്തല്‍ തുടങ്ങിയ വ്യായമങ്ങള്‍ ചെയ്യാം. എന്ത് തന്നെ വ്യായമങ്ങളായാലും രാത്രി വൈകി ചെയ്യരുതെന്ന് മാത്രം. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഇളം ചൂട് വെള്ളത്തില്‍ കുടിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് ചൂടുപാല്‍ രാത്രി കുടിക്കുന്നത് ഉറക്കം വരാന്‍ സഹായിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :