BIJU|
Last Modified വെള്ളി, 9 നവംബര്‍ 2018 (14:20 IST)
കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. ചെറുപ്രായത്തിൽ എന്തുകഴിക്കുന്നു എന്നതാണ് ഒരു മനുഷ്യന്‍റെ ശാരീരിക വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്.
പയർ വർഗ്ഗങ്ങളൊക്കെ മാതാപിതാക്കൾ കുട്ടികളുടെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്. പയർവർഗ്ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്. കുട്ടികളുടെ
ആരോഗ്യത്തിന് ഉത്തമമായതുകൊണ്ടുതന്നെയാണ് സ്‌കൂളുകളിലും ചെറുപയർ നൽകുന്നത്.
ചെറുപയർ എങ്ങനെ വേണ്ടമെങ്കിലും വേവിച്ച് കുട്ടികൾക്ക് നൽകാം. എന്നാൽ മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. വേവിക്കാതെ കൊടുക്കുന്നതും നല്ലതാണെങ്കിലും പല കുട്ടികളും അത് കഴിക്കാൻ മടി കാണിക്കും എന്നതാണ് സത്യം.
പ്രോട്ടീന്‍ സമ്പുഷ്‌ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം അത്യാവശ്യം.
പല കുട്ടികള്‍ക്കും ആവശ്യത്തിനു തൂക്കമില്ലാത്തത് വലിയൊരു പ്രശ്‌നമാണ്. ഇതിനുളള നല്ലൊരു മരുന്നാണ് ചെറുപയര്‍ വേവിച്ചത്. എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന നല്ലൊരു വഴിയാണ് ഇത്. എല്ലിനും പല്ലിനുമെല്ലാം അത്യുത്തമം.
വൈറ്റമിന്‍ സി, ബി 6, എ, കെ, ഇ കാര്‍ബോഹൈഡ്രേറ്റുകൾ, അയേൺ, ഫോസ്‌ഫേറ്റ്, റൈബോഫ്‌ളേവിന്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, നിയാസിന്‍, സോഡിയം എന്നിവയെല്ലാം അടങ്ങിയ ഇത് കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.