jibin|
Last Updated:
തിങ്കള്‍, 19 ജൂണ്‍ 2017 (11:10 IST)
പഴങ്ങള്‍ ആരോഗ്യത്തിന് ഉത്തമമാണോ എന്ന ചോദ്യം തന്നെ അപ്രസക്‍തമാണ്. ശരീരത്തിന് ഊര്‍ജം പകരുന്നതില്‍ പഴങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. നാരുകളുള്ള, കൊഴുപ്പു കുറഞ്ഞ പഴങ്ങള്‍ പതിവാക്കുന്നതാണ് ശരീരത്തിന് ഏറെ മികച്ചത്.
പഴങ്ങള്‍ പതിവായി കഴിക്കുന്നവരിലും ഉണ്ടാകുന്ന ഒരു ആശങ്കയാണ് വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കാമോ എന്നത്. വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് കോട്ടമല്ല മറിച്ച് നേട്ടമാണ് ഉണ്ടാക്കുക എന്നാണ് പഠനങ്ങള്‍ പറയുന്നത്.
പഴങ്ങള്‍ കഴിയ്‌ക്കുമ്പോള്‍ വയറ്റില്‍ എന്‍സൈം ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത് ന്യൂട്രിയന്റുകള്‍ പെട്ടെന്നു ദഹിയ്‌ക്കാന്‍ ഇടയാക്കും. വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ ഈ പ്രക്രിയ വേഗത്തിലാകുകയും ചെയ്യും അപ്പോള്‍ പഴങ്ങളിലെ ഗുണഫലങ്ങള്‍ ശരീരത്തിന് വേഗം വലിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പഴങ്ങള്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പഴങ്ങള്‍ കഴിക്കരുത്. ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും ദഹനം വൈകുന്നതിനും ഇത് കാരണമാകും. ഭക്ഷണത്തിന് ശേഷം രണ്ടോ, മൂന്നോ മണിക്കൂറുകള്‍ക്ക് ശേഷം മാത്രം പഴങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.