എന്താണ് നിപ്പാ വൈറസ്? എങ്ങനെ പ്രതിരോധിക്കാം?

നിപ്പാവൈറസ്; എങ്ങനെ പ്രതിരോധിക്കാം?

കോഴിക്കോട്| Rijisha M.| Last Modified തിങ്കള്‍, 21 മെയ് 2018 (09:29 IST)
ഒരു നാടിനെയാകെ ഭീതിയിലാഴ്‌ത്തിയ പനിപടർത്തുന്നത് നിപ്പാവൈറസ് ആണെന്ന് സ്ഥിരീകരിച്ചു. ഈ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും ഇതുവരെ നിലവിൽ ലഭ്യമല്ല. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്നസുഖമായ നിപ്പാവൈറസ് വൈറസ് വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്.

എന്നാൽ ആളുകൾക്ക് നിപ്പാവൈറസിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. 1998-ൽ മലേഷ്യയിലാണ് ഈ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്‌തത്. ഹെനിപാ വൈറസ് ജീനസിലെ
ഒരു ആർഎൻഎ വൈറസ് ആണിത്. Nipha എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് രോഗം ആദ്യം വേർതിരിച്ചതുകൊണ്ടാണ് നിപ്പാ എന്ന് പേര് വന്നത്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് നിപ്പാ വൈറസ് വ്യത്യസ്‌ത ഘടനയോടുകൂടിയുള്ളതാണ്.

അസുഖം ബാധിച്ചിരിക്കുന്നവരിൽ നിന്ന് രോഗം പകരാൻ സാധ്യതയുണ്ട്, അവരെ ചികിത്സിക്കുന്നവരും അതീവ ശ്രദ്ധപുലർത്തണം. വവ്വാലുകൾ കഴിച്ച് ഉപേക്ഷിച്ച പഴവർഗ്ഗങ്ങളും മറ്റും കഴിക്കുന്നത് ഒഴിവാക്കുക, കൂടാതെ വവ്വാലുകളുടെ കാഷ്‌ഠം കലർന്ന പാനീയങ്ങളും മറ്റും ഈ രോഗത്തിലേക്ക് വഴിതെളിക്കും.

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുള്ളവരെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ പാടില്ല. അസുഖം വന്നതിന് ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് രോഗികളുടെ ശരീര ശ്രവങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ രോഗിയുമായുള്ള അടുത്ത ഇടപഴകൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ട സാധനസാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക. വസ്‌ത്രങ്ങൾ കഴുകുകയും ഉണക്കുകയും ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗിയുമായി ഇടപഴകിയാൽ കൈകൾ ചൂടുവെള്ളം, സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയുള്ളവരെ പരിചരിക്കുമ്പോഴും അവരോട് അടുത്ത സമ്പർക്കം പുലർത്തുന്നവരിലൊമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അവരോട് ഇടപഴകുമ്പോൾ കൈയ്യുറകളും മാസ്കും ധരിക്കാൻ ശ്രദ്ധിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :