രേണുക വേണു|
Last Modified വ്യാഴം, 30 ജൂണ്‍ 2022 (10:57 IST)
തൃശൂരില്‍ മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. കനത്ത ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്സ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. നാല് തരം ആന്ത്രാക്‌സ് കണ്ടുവരുന്നുണ്ട്.
പനി, വിറയല്‍, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമ, ഓക്കാനം, ഛര്‍ദില്‍, വയറുവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആന്ത്രാക്‌സിന്റെ ലക്ഷണങ്ങളാണ്.
തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോടു കൂടിയ കുരുക്കള്‍, വ്രണങ്ങള്‍ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്സിന്റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണു കാണപ്പെടുന്നത്.
കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സാണ് മൂന്നാമത്തേത്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛര്‍ദി, രക്തം ഛര്‍ദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ഇതുകൂടാതെ ഇന്‍ജക്ഷന്‍ അന്ത്രാക്സും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ ക്യൂട്ടേനിയസ് ആന്ത്രാക്സിന്റെ സമാന ലക്ഷണങ്ങളാണ്.