അഭിറാം മനോഹർ|
Last Modified വ്യാഴം, 21 ഡിസംബര്‍ 2023 (14:59 IST)
നാലുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ജലദോഷ മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. ഈ പ്രായത്തിലുള്ള കുട്ടികള്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ ചില സംയുക്തങ്ങള്‍ ചേര്‍ക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകള്‍ ഉപയോഗിച്ചത് മൂലം ആഗോളതലത്തില്‍ 141 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍ എന്ന് വിളിക്കുന്ന സംയുക്തങ്ങള്‍ നാലുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സിറപ്പുകളില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളില്‍ ലേബല്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ക്ലോര്‍ഫെനിരാമൈന്‍, മാലിയേറ്റ്. ഫിനലിഫ്രിന്‍ എന്നിവയാണ് ജലദോഷത്തിനുള്ള മരുന്നുകളിലെ ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍. ഇവ നാലുവയസ്സിന് താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ അംഗീകാരമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ ചുമയ്ക്കും ജലദോഷത്തിനും സ്വയം ചികിത്സ നടത്തരുതെന്ന് നേരത്തെ തന്നെ ലോകാരോഗ്യസംഘടനയുടെ കര്‍ശന നിര്‍ദേശമുണ്ട്.