ഈ ഭക്ഷണ സാധനങ്ങള്‍ ശീലമാക്കിയാല്‍ നിങ്ങളുടെ കുടവയര്‍ കുറയും ! പരീക്ഷിച്ചു നോക്കൂ

രേണുക വേണു| Last Modified ശനി, 17 ജൂണ്‍ 2023 (11:07 IST)

മലയാളികള്‍ പൊതുവെ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കുടവയര്‍. ശരീരഭാരം കൂടുന്നതും കുടവയര്‍ രൂപപ്പെടുന്നതും നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് കുടവയറിനെയും അമിത വണ്ണത്തേയും പ്രതിരോധിക്കാന്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ കുടവയര്‍ ഒരുപരിധി വരെ കുറയും. അതിരാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് കൊഴുപ്പ് അലിയിച്ചു കളയാന്‍ സഹായിക്കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ മാത്രം രാവിലെ കഴിക്കുക. പ്രഭാത ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

രാവിലെ ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കുക. പകരം മുട്ട കഴിക്കാവുന്നതാണ്. മുട്ട തടി കുറയാന്‍ സഹായിക്കും.

ചോറ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ദിവസത്തില്‍ ഒരു നേരത്തില്‍ കൂടുതല്‍ ചോറ് കഴിക്കരുത്. മാത്രമല്ല മിതമായ രീതിയില്‍ വേണം ചോറ് കഴിക്കാന്‍. ചോറിനേക്കാള്‍ അധികം പച്ചക്കറി അടങ്ങിയ കറികള്‍ കഴിക്കുക.

വിശക്കുന്ന സമയത്ത് ധാന്യങ്ങള്‍ പുഴുങ്ങിയതോ അല്ലെങ്കില്‍ ബദാം, അണ്ടിപരിപ്പ് പോലുള്ള സാധനങ്ങളോ മാത്രം കഴിക്കുക.

ചായ, കാപ്പി, കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ കുടിയ്ക്കുന്നത് കുറയ്ക്കുക. പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും.

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ശീലമാക്കുക.

രാത്രിയില്‍ കട്ടിയുള്ള ഭക്ഷണം കഴിക്കരുത്. മിതമായ അളവില്‍ ഫ്രൂട്ട്‌സ് കഴിക്കുന്നതാണ് രാത്രി നല്ലത്. അത്താഴമായി ചോറ് കഴിക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം.

ദിവസവും ഒരു മണിക്കൂര്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും വയര്‍ കുറയാന്‍ നല്ലതാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :