രേണുക വേണു|
Last Modified ശനി, 17 ജൂണ്‍ 2023 (09:49 IST)
കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇടിമിന്നലിനെതിരെ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉള്ള സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നു പറയുന്നതില്‍ യാതൊരു ശാസ്ത്രീയതയുമില്ല. അതായത് ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.
മൊബൈല്‍ ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ അത് അശാസ്ത്രീയ ചിന്തയാണ്. മൊബൈല്‍ ഫോണില്‍ സിഗ്നലുകള്‍ക്കായി ഉപയോഗിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങളിലൊന്നായ റേഡിയോ തരംഗങ്ങളെയാണ്. ഈ തരംഗങ്ങളിലൂടെ ഒരിക്കലും വൈദ്യുതി കടന്നു പോകില്ല. അതായത് മിന്നല്‍ ഒരിക്കലും ഈ റേഡിയോ തരംഗങ്ങള്‍ വഴി മൊബൈലില്‍ എത്തില്ല. മൊബൈല്‍ ഒരിക്കലും മിന്നലിനെ ആകര്‍ഷിക്കുന്നില്ലെന്ന് സാരം. ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോള്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും യാതൊരു പ്രശ്‌നവുമില്ല. ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് ഒരു കാരണവശാലും ഉപയോഗിക്കരുത്.
അതേസമയം, ഇടിമിന്നല്‍ ഉള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കരുത്. വയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതുവഴി വൈദ്യുതി കടന്നുവരാന്‍ സാധ്യതയുണ്ട്.