സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (15:34 IST)
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയില്‍ കൊള്ളാതെ ശ്രദ്ധിക്കണം. മരത്തണലിലേക്കോ മറ്റു തണല്‍ പ്രദേശത്തേക്കോ മാറിനില്‍ക്കണം. വെയിലത്ത് നടക്കേണ്ടി വരുമ്പോള്‍ കുട, തൊപ്പി, ടവ്വല്‍ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോള്‍ ഷൂസ് അല്ലെങ്കില്‍ ചെരിപ്പ് നിര്‍ബന്ധമായും ധരിക്കണം. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കണം.
ഇടയ്ക്ക് കൈ, കാല്‍, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികള്‍, പ്രായാധിക്യംമൂലമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, അസുഖബാധമൂലം ക്ഷീണമനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു പോകുമ്പോള്‍ എപ്പോഴും കൈവശം വെള്ളം കരുതണം. ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം. ശാരീരിക അധ്വാനമനുസരിച്ചും വിയര്‍പ്പനുസരിച്ചും കൂടുതല്‍ വെള്ളം കുടിക്കണം. സംഭാരം, ഇളനീര്, നാരങ്ങ വെള്ളം തുടങ്ങിയവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സിന്തറ്റിക് കോളകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.
ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത രീതിയില്‍ ജനാലകളും കര്‍ട്ടനുകളും തയ്യാറാക്കണം. രാത്രിയില്‍ കൊതുക്, മറ്റ് ജീവികള്‍ എന്നിവ കയറാത്ത രീതിയില്‍ ജനലും കര്‍ട്ടനും തുറന്നു തണുത്ത വായു അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. പകല്‍സമയത്ത് കഴിവതും താഴത്തെ നിലകളില്‍ സമയം ചെലവഴിക്കണം.