വേനല്‍ക്കാലം: ശുദ്ധജലം മാത്രം ഉപയോഗിച്ച് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാം

ശ്രീനു എസ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (14:36 IST)
വേനല്‍ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള പ്രധാനപ്പെട്ട മാര്‍ഗം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം.

കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തില്‍ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യില്‍ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുക. പുറത്ത് കടകളില്‍ നിന്നും പാനീയങ്ങള്‍, പഴച്ചാറുകള്‍, സിപ് അപ് എന്നിവ വാങ്ങി കുടിക്കുന്നവര്‍ അതുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക. മാത്രമല്ല തണുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ തയാറാക്കിയതാണെന്ന് ഉറപ്പാക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :