സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (12:00 IST)
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. എ.ബി.പി.എം.ജെ.എ.വൈയുടെ വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ആരോഗ്യമന്ഥന്‍ 2023 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
എ.ബി.പി.എം.ജെ.എ.വൈ. പദ്ധതി മുഖാന്തിരം രാജ്യത്ത് 'ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം', പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് 'മികവുറ്റ പ്രവര്‍ത്തനങ്ങള്‍' എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഇതില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.