കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (12:28 IST)
മമ്മൂട്ടിയെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ഒരു സംസാരമുണ്ട്, 'മമ്മൂക്ക കടുത്ത ഡയറ്റാണ് അധികം ഭക്ഷണം ഒന്നും കഴിക്കില്ല' എന്നാല്‍ നിങ്ങള്‍ കേട്ടത് തെറ്റായ കാര്യമാണ്. ഭക്ഷണം വളരെ ആസ്വദിച്ച് കഴിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് ഷെഫ് പിള്ള പറഞ്ഞിട്ടുണ്ട്. പക്ഷേ ആള് കുറഞ്ഞ അളവിലെ ഭക്ഷണം കഴിക്കുകയുള്ളൂ. ചെമ്മീന്‍ കറിയൊക്കെ മമ്മൂട്ടിക്ക് ഇഷ്ടമാണ്. ഞെണ്ടൊക്കെ നടന്റെ ഫേവറേറ്റ് ഭക്ഷണമാണ്.
രുചിയുള്ള ഭക്ഷണങ്ങള്‍ എത്രവേണമെങ്കിലും തീന്‍ മേശയില്‍ നിറഞ്ഞോട്ടെ അതിന് എത്ര രുചിയുണ്ട് പറഞ്ഞാലും മമ്മൂട്ടിക്ക് താന്‍ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ്, അതാരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. സ്വയം ഭക്ഷണങ്ങള്‍ നിയന്ത്രിക്കാനുള്ള വാപ്പച്ചിയുടെ കഴിവിനെക്കുറിച്ച് ദുല്‍ഖര്‍ തന്നെ പറഞ്ഞിട്ടുണ്ട്.ഇനി ദൈവം തമ്പുരാന്‍ അമൃത് കൊണ്ട് കൊടുത്താലും അദ്ദേഹം അളവില്‍ കവിഞ്ഞ് കഴിക്കില്ലെന്ന് ഷെഫ് പിള്ള തന്നെ പറഞ്ഞിട്ടുണ്ട്.
ഓട്‌സ്, പപ്പായ, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത ബദാം ഇതൊക്കെയാണ് മമ്മൂട്ടിയുടെ പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണത്തില്‍ ചോറ് ഉണ്ടാകില്ല. പകരം ഓട്‌സ് കൊണ്ടുള്ള പുട്ട് മമ്മൂട്ടി കഴിക്കും. ഇതിനൊപ്പം വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന മീന്‍ കറി കൂടി ഉണ്ടെങ്കില്‍ സംഗതി കുശാല്‍. മീന്‍ വിഭവങ്ങള്‍ മമ്മൂട്ടിക്ക് ഏറെ ഇഷ്ടമുള്ളതാണ്.
തേങ്ങയരച്ച മീന്‍ കറിയോട് നടന് ഇഷ്ടം കൂടുതലാണ്. വറുത്ത ഭക്ഷണങ്ങള്‍ അധികം കഴിക്കാറില്ല.കരിമീന്‍,കണവ തിരുത കൊഴുവ തുടങ്ങിയ മീനുകളോടാണ് പ്രിയം. വൈകുന്നേരവും ചോറിനോട് നോ പറയും. ചായയും കട്ടന്‍ ചായയും ഒക്കെ മമ്മൂട്ടി കുടിക്കും. രാത്രി ഭക്ഷണത്തില്‍ ഓട്‌സ് ഗോതമ്പു ഉള്‍പ്പെട്ട ഭക്ഷണമായിരിക്കും കഴിക്കുക.തേങ്ങാപ്പാല്‍ ചേര്‍ത്ത് നാടന്‍ ചിക്കന്‍ കറി അല്ലെങ്കില്‍ ചട്‌നിയും കഴിക്കും.