അപർണ|
Last Updated:
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (17:36 IST)
കണ്ണിന്‍റെ ആരോഗ്യത്തെക്കുറിച്ച് പലരും ചിന്തിച്ചു തുടങ്ങുന്നത് തന്നെ എന്തെങ്കിലും കുഴപ്പങ്ങള്‍ ബാധിച്ചു കഴിയുമ്പോഴാണ്. കണ്ണുകളുടെ ആരോഗ്യം ശരീരത്തിന്‍റെ പൂര്‍ണ ആരോഗ്യത്തിന്‍റെ ഭാഗമാണ്.
കണ്ണിന് ശരിയായ പരിചരണം നല്‍കിയാല്‍ മിക്ക നേത്രരോഗങ്ങളെയും അകറ്റി നിര്‍ത്താന്‍ കഴിയും. അന്തരീക്ഷ മലിനീകരണം, പൊടി, പുക എന്നിവ കണ്ണിന്‍റെ അലര്‍ജിക്ക് കാരണമാകുന്നു. കണ്ണിന്‍റെ സ്ഥിരമായ പ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുക. സ്വയം ചികിത്സ അപകടമാണ്.
വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ കണ്ണിന്‍റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇലക്കറികള്‍, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍, അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവയാണ് വൈറ്റമിന്‍ എ അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍. വൈറ്റമിന്‍ ഡി പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രായാധിക്യം കാരണമായുണ്ടാകുന്ന കാഴ്ചക്കുറവിനെയും ശരിയായ ഭക്ഷണ ക്രമം വഴി അകറ്റി നിര്‍ത്താന്‍ കഴിയും.
ചീര, കോളി ഫ്‌ളവര്‍ തുടങ്ങിയ ഇലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളും മുട്ട, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും മാംസം അല്ലാത്ത പ്രോട്ടീന്‍ ഭക്ഷണങ്ങളും നല്ല ഫലം ചെയ്യും. അതുപോലെ ഓറഞ്ച് അല്ലെങ്കില്‍ ചെറുനാരങ്ങ നീര് ദിവസവും ശീലമാക്കുക.
ശരീരഭാരം നിയന്ത്രിക്കുന്ന ഭക്ഷണം ശീലമാക്കിയാല്‍ ജീവിതശൈലീ രോഗങ്ങള്‍ വഴിയുണ്ടാകുന്ന നേത്ര രോഗങ്ങളെ തടയാം. ടൈപ്പ് 2 ഡയബറ്റിസ് കണ്ണിനെ ബാധിക്കുന്നതാണ്. മുതിര്‍ന്നവരില്‍ കാഴ്ചക്കുറവിന് കാരണമാകുന്ന ഒരു പ്രധാന കാര്യം പ്രമേഹമാണ്.
കുട്ടികളില്‍ കാഴ്ച സംബന്ധമായ തകരാറുകള്‍ ഇന്ന് വളരെക്കൂടുതലാണ്. അവരിലെ കാഴ്ച സംബന്ധമായ പോരായ്മകള്‍ ഇനിപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേഗം തിരിച്ചറിയാം. വളരെ അടുത്തിരുന്ന് ടി.വി കാണുക, കളിക്കിടയില്‍ ഒരു ഭാഗത്തേയ്ക്ക് തന്നെ തട്ടി വീഴുക, വായിക്കുമ്പോള്‍ കണ്ണുവേദനയെന്നോ തലവേദനയെന്നോ പറയുക - കാഴ്ചത്തകരാറാണ് ഇതിനെല്ലാം കാരണം.
നല്ല വെളിച്ചമുള്ള മുറിയിലിരുന്നു മാത്രമേ ടി.വി കാണാവൂ. മാത്രമല്ല സ്ക്രീനില്‍ നിന്നും 3-4 മീറ്റര്‍ അകലെ ഇരിക്കുക. കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് തുടര്‍ച്ചയായി നോക്കുമ്പോഴാണ് കണ്ണിന് അസ്വസ്ഥയുണ്ടാവുന്നത്. ദീര്‍ഘനേരം കണ്ണ് തുറന്നിരിക്കുമ്പോള്‍ കണ്ണിന് വരള്‍ച്ച ഉണ്ടാകും. ഇടയ്ക്കിടെ കണ്ണ് ചിമ്മുകയാണ് പോംവഴി. കണ്ണിലെ നനവ് കാത്തു സൂക്ഷിക്കാന്‍ ഇത് സഹായിക്കും.
കംപ്യൂട്ടര്‍ സ്ക്രീനും കണ്ണും തമ്മിലുള്ള അകലം 30-35 സെന്‍റീമീറ്ററായിരിക്കാന്‍ ശ്രദ്ധിക്കുക. മുറിയിലെ സ്വാഭാവിക വെളിച്ചം ടി.വിക്കെന്ന പോലെ ഇവിടെയും പ്രധാനമാണ്. മോണിറ്ററിന്‍റെ മുകള്‍ഭാഗവും കണ്ണും ഒരേ നിരപ്പില്‍ വരുംവിധം മോണിറ്റര്‍ ക്രമീകരിക്കണം.
പ്രമേഹം ഉണ്ടെന്നറിഞ്ഞാല്‍ പെട്ടെന്ന് തന്നെ നേത്ര പരിശോധന നടത്തിയിരിക്കണം. 50 ശതമാനം പ്രമേഹ രോഗികള്‍ക്കും കണ്ണിന് തകറാറുണ്ടാവാറുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഇത് നിയന്ത്രിക്കാം. ചികിത്സിച്ചില്ലെങ്കില്‍ ക്രമേണ അന്ധരാവാം.