രേണുക വേണു|
Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (14:29 IST)
വിവാദങ്ങളില്‍ ഇടംപിടിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും തന്റെ നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണം. കുട്ടിയോട് ദലൈ ലാമ അപമര്യാദയായി പെരുമാറിയെന്നും ശക്തമായ നടപടിയെടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും ആവശ്യം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇന്ത്യാസ് എം3എം ഫൗണ്ടേഷന് വേണ്ടിയുള്ള പരിപാടിയിലാണ് വിവാദ സംഭവം. കഴിഞ്ഞ മാസമാണ് പരിപാടി നടന്നത്. ദലൈ ലാമയെ ആലിംഗനം ചെയ്യണമെന്ന് സദസ്സില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ആവശ്യപ്പെടുകയായിരുന്നു. ഈ കുട്ടിയെ ദലൈ ലാമ വേദിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ആദ്യം കുട്ടിയെ ദലൈ ലാമ ആലിംഗനം ചെയ്യുന്നുണ്ട്. കവിളില്‍ ചുംബിച്ച ശേഷം കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കാന്‍ ദലൈ ലാമ ശ്രമിക്കുന്നുണ്ട്. പിന്നീട് നാവ് പുറത്തേക്ക് ഇട്ട് തന്റെ നാവില്‍ നക്കാന്‍ ദലൈ ലാമ ആവശ്യപ്പെടുന്നു. കുട്ടി ഇതിന് താല്‍പര്യക്കുറവ് പ്രകടിപ്പിക്കുന്നുണ്ട്. വളരെ മോശമായ രീതിയിലാണ് ദലൈ ലാമ കുട്ടിയോട് പെരുമാറിയതെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.
അതേസമയം സംഭവം വിവാദമായതോടെ ദലൈ ലാമ കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞു. ' ഒരു ബാലന്‍ ദലൈ ലാമയോട് തന്നെ കെട്ടിപ്പിടിക്കാമോ എന്നു ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ദലൈ ലാമ ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നു' ദലൈ ലാമ ട്വീറ്റ് ചെയ്തു.