രേണുക വേണു|
Last Modified ഞായര്‍, 12 മാര്‍ച്ച് 2023 (07:20 IST)
Brahmapuram Fire: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചി നഗരത്തെ മലിനമാക്കിയിരിക്കുകയാണ്. ഗുരുതര സാഹചര്യങ്ങളിലൂടെയാണ് കൊച്ചി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും അതീവ ശ്രദ്ധ പുലര്‍ത്തണം. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിനു തീ പിടിച്ചതാണ് കൊച്ചിയിലെ ഏറ്റവും വലിയ വെല്ലുവിളി. കാര്‍ബണ്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ് എന്നിവയാണ് ഇതുവഴി പുറത്തേക്ക് വരുന്നത്. മനുഷ്യന്റെ ആരോഗ്യത്തിനു ഇത് വലിയ തീരിയില്‍ ഭീഷണി ഉയര്‍ത്തുന്നു.
സള്‍ഫര്‍ ഡയോക്‌സൈഡ് അടങ്ങിയ പുക കണ്ണുകള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും. മൂക്ക്, തൊണ്ട എന്നിവിടങ്ങളിലും ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ചുമ, കഫക്കെട്ട് മുതലായ ലക്ഷണങ്ങള്‍ കാണിക്കും. തലവേദന, തലകറക്കം, ശ്വാസതടസം, വിയര്‍പ്പ്, അസ്വസ്ഥത, ഹൃദയമിടിപ്പ് കൂടുക, രക്ത സമ്മര്‍ദം എന്നിവയാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് അടങ്ങിയ പുക ശ്വസിക്കുമ്പോഴുള്ള ലക്ഷണങ്ങള്‍. നടക്കാന്‍ ബുദ്ധിമുട്ട്, ശരീര തളര്‍ച്ച, ഓര്‍മ കുറവ് തുടങ്ങിയ ലക്ഷണങ്ങളാണ് നൈട്രസ് ഓക്‌സൈഡ് ശരീരത്തില്‍ എത്തുമ്പോള്‍ കാണിക്കുക.
പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ സൃഷ്ടിക്കും. ആസ്മ, എംഫിസീമ എന്നി രോഗങ്ങള്‍ക്ക് കാരണമാകുകയും ഞെരുമ്പുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പ്ലാസ്റ്റിക് കത്തുമ്പോള്‍ ബ്ലാക്ക് കാര്‍ബണ്‍ ആണ് പുറന്തള്ളപ്പെടുന്നത്.
നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ പുകയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് പ്രതിവിധി. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. N95, N99 മാസ്‌കുകളാണ് ധരിക്കേണ്ടത്. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കണം.