തുമ്പി ഏബ്രഹാം|
Last Updated:
ഞായര്‍, 17 നവംബര്‍ 2019 (17:40 IST)
കാരണമൊന്നുമില്ലാതെ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് കുറയുന്നുവെങ്കില്‍ അടിയന്തിരമായി പരിശോധന നടത്തേണ്ടതാണെന്ന് വിദഗ്ദ്ധര്‍. പെട്ടെന്നു ശരീരഭാരം കുറയുന്നത് ചില അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുമെന്ന് ഓക്‌സ്ഫര്‍ഡ്, എക്‌സീറ്റര്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതായി ബ്രിട്ടീഷ് ജേണല്‍ ഓഫ് ജനറല്‍ പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പെട്ടെന്ന് ശരീരഭാരം കുറയുന്നത് വന്‍കുടലിലെയും മലാശയത്തിലെയും അര്‍ബുദ പാന്‍ക്രിയാറ്റിക് കാന്‍സര്‍, റീനല്‍ കാന്‍സര്‍ ഇവയ്ക്കുള്ള കാരണങ്ങളില്‍ രണ്ടാമത്തേത് ആണെന്ന് പഠനത്തില്‍ കണ്ടെത്തി. 11.5 ദശലക്ഷം രോഗികളില്‍ നടത്തിയ 25 പഠനങ്ങളാണ് ഇവര്‍ പരിശോധിച്ചത്.
ഇതില്‍ ശരീരഭാരം കുറയുന്നത് പത്തിനം അര്‍ബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് തെളിഞ്ഞത്. കാരണമൊന്നുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് അറുപതു വയസ്സു കഴിഞ്ഞ പുരുഷന്മാരില്‍ അടിയന്തിരമായ പരിശോധന നടത്തേണ്ട സംഗതിയാണ്.
ശരീരഭാരം പെട്ടെന്നു കുറഞ്ഞ അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകളില്‍ 6.7 ശതമാനവും പുരുഷന്മാരില്‍ 14.2 ശതമാനവും അര്‍ബുദ സാധ്യത കൂടുതലാണെന്നു പഠനം പറയുന്നു. അര്‍ബുദ നിര്‍ണയം നേരത്തെയാക്കാനും അതുവഴി രോഗം ചികിത്സിച്ചു ഭേദമാക്കാനും പരിശോധനയിലൂടെ കഴിയുമെന്നും ഗവേഷകനായ വില്ലി ഹാമില്‍ട്ടണ്‍ പറയുന്നു.