രേണുക വേണു|
Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (10:17 IST)
ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. അത് വൃത്തിയായി സൂക്ഷിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍, എല്ലാ ദിവസവും കുളിക്കണോ എന്ന സംശയം നിങ്ങള്‍ക്കുണ്ടോ? കുളിക്കാനും സമയം നോക്കുന്നത് നല്ലതാണ്.
എന്നും കുളിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍, കുളിക്കുമ്പോള്‍ എല്ലാം കെമിക്കല്‍ അടങ്ങിയ സോപ്പോ ഷാമ്പൂവോ ഉപയോഗിക്കുന്നത് വിപരീത ഫലമാണ് ചെയ്യുന്നത്. ശരീരം ശുദ്ധിയായിരിക്കാനും ഉന്മേഷത്തോടെ നിലനിര്‍ത്താനും കുളിക്കാം. എന്നാല്‍ സോപ്പുപയോഗം കുറയ്ക്കണം. ആദ്യത്തെ കുളി അല്‍പം വിശാലമായാലും പിന്നീടുള്ള കുളിയില്‍ കക്ഷത്തിലും സ്വകാര്യഭാഗങ്ങളിലും ശരീരത്തിലെ മടക്കുകളും മാത്രം സോപ്പ് ഉപയോഗിക്കുന്ന തരത്തില്‍ കുളിശീലം ക്രമീകരിക്കുക.
എണ്ണ തേച്ച് കുളിക്കുന്ന ശീലമുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ തേച്ച ശേഷം 15-30 മിനിറ്റിനകം കുളിക്കുന്നതാണ് നല്ലത്. രാവിലെ എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം ആദ്യം തന്നെ കുളിയും കഴിക്കുന്നത് നല്ല കാര്യമാണ്. അങ്ങനെയാണ് ശീലിക്കേണ്ടതും. വെയിലുറച്ചതിനുശേഷമോ ഉച്ചയ്‌ക്കോ കുളിക്കുന്നത് അത്ര നല്ല കാര്യമല്ല. വൈകുന്നേരം വെയിലാറിയതിനുശേഷം കുളിക്കാവുന്നതാണ്. സന്ധ്യ കഴിഞ്ഞതിനു ശേഷം തല നനച്ചു കുളിക്കരുത്. വിയര്‍ത്തിരിക്കുന്നവര്‍ അല്പനേരം വിശ്രമിച്ച് വിയര്‍പ്പ് അടങ്ങിയതിനു ശേഷം മാത്രമേ കുളിക്കാവൂ. ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നത് ദഹന പ്രക്രിയയെ ബാധിക്കും. ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കണം.