രേണുക വേണു|
Last Modified തിങ്കള്‍, 29 മെയ് 2023 (10:48 IST)
അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും നമ്മളില്‍ പലര്‍ക്കും തലവേദനയാണ്. പല വഴികള്‍ പരീക്ഷിച്ചിട്ടും വിയര്‍പ്പ് നാറ്റം കുറയ്ക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? അസഹ്യമായ വിയര്‍പ്പ് നാറ്റത്തില്‍ നിന്നു മുക്തി നേടാന്‍ ഇതാ ചില പരിഹാരങ്ങള്‍
അമിതമായ വിയര്‍പ്പ് പ്രശ്നമുള്ളവര്‍ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. മാനസിക സമ്മര്‍ദം അമിതമായ വിയര്‍പ്പിന് കാരണമായേക്കാം. ടെന്‍ഷനും സമ്മര്‍ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ മാനസികസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുക. ചൂട് വെള്ളത്തില്‍ അമിതമായി കുളിക്കുന്നതും ശരീരം വിയര്‍ക്കാന്‍ കാരണമാകും. അമിതമായ വിയര്‍പ്പിന്റെ പ്രശ്നങ്ങള്‍ ഉള്ളവര്‍ നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുകയും കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും വേണം.
അസഹ്യമായ വിയര്‍പ്പ് നാറ്റമുള്ളവര്‍ മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിതമായ വിയര്‍പ്പ് ഗന്ധം ഫലപ്രദമായി നിയന്ത്രിക്കാം. ഉലുവാപ്പൊടി പുരട്ടി മേലുകഴുകുന്നതും നല്ല കാര്യമാണ്. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നത് വിയര്‍പ്പ് മണം പോവാന്‍ ഏറെ ഫലപ്രദമാണ്. ചെറുനാരങ്ങയും അസഹ്യമായ വിയര്‍പ്പില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും. ചന്ദനത്തില്‍ പനിനീര്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് വിയര്‍ക്കുന്ന ഭാഗങ്ങളില്‍ തേക്കാം. ഉണങ്ങിയതിനു ശേഷം ഇത് കഴുകി കളഞ്ഞാല്‍ മതി. ചെറുനാരങ്ങാ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് അമിതമായ വിയര്‍പ്പ് നാറ്റം കുറയ്ക്കും. അമിതമായി വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചെറുനാരങ്ങാനീര് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകികളയുന്നതും നല്ലതാണ്.