ഉറക്കം അങ്ങനെയാണ്! ആദ്യം കണ് പീലികളില്‍ തലോടി പിന്നെ മനക്കണ്ണിനെ അതിന്റെ ആഴത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. ശാന്തമായും സ്വസ്ഥമായും ഉറങ്ങുന്നതിനെക്കാള്‍ വലുതായി പൂര്‍ണ ആരോഗ്യത്തിന് വേറെ മികച്ച ഔഷധങ്ങളൊന്നുമില്ലെന്നത് പ്രപഞ്ച സത്യമാണ്.
എന്നാല്‍, അറിയാത്ത താരാട്ടു പാട്ടുകള്‍ പാടി കുഞ്ഞിനെ ഉറക്കുന്ന ഐ ടി അമ്മമാരാണ് ഇക്കാലത്ത് ഉറങ്ങാന്‍ ഏറെ പാടുപെടുന്നതത്രേ. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം, വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള ആകുലത, വരാനിരിക്കുന്ന പ്രൊജക്ടിനെക്കുറിച്ചുള്ള ടെന്‍ഷന്‍ എന്നിങ്ങനെ രാത്രികള്‍ നിദ്രാവിഹീനങ്ങളാകുന്നതിന് ഒരു വലിയ പട്ടിക തന്നെ ഇവര്‍ക്കുണ്ട്.
പുരുഷനെക്കാള്‍ ഉറക്കം കൂടുതല്‍ ലഭിക്കേണ്ടത് സ്ത്രീകള്‍ക്കാണ്. കാരണം വേറൊന്നുമല്ല, പുരുഷനെ അപേക്ഷിച്ച് ശാരീരികമായി ഒരുപാട് സവിശേഷതകളുള്ള ശരീരമാണ് സ്ത്രീയുടേത്.
ജനനം മുതല്‍ മരണം വരെ ഇത്രയേറെ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്ത്രീയുടെ ശരീരത്തില്‍ മാത്രമാണ്. കൌമാരവും യൌവനവും അവളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ആര്‍ത്തവാരംഭവും ഗര്‍ഭകാലവും ആര്‍ത്തവ വിരാമവും ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപെട്ട മൂന്ന് സമയങ്ങളാണ്. ഈ സമയങ്ങളില്‍ നന്നായുറങ്ങാന്‍ കഴിയുന്ന സ്ത്രീകള്‍ ആരോഗ്യമുള്ള ശരീരത്തിന് ഉടമകളായിരിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.