Last Modified വെള്ളി, 18 മാര്‍ച്ച് 2016 (18:56 IST)
സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം Sunburn). പ്രധാനമായും അള്‍ട്രാവൈലറ്റ് കിരണങ്ങളാണ് സൂര്യാഘാതത്തിന് കാരണമാകുന്നത്. കഠിനമായ വെയിലത്ത് ദീര്‍ഘനേരം ജോലിചെയ്യുന്നവര്‍ക്കാണ് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതല്‍. തീവ്രപരിചരണം ലഭിക്കാതിരുന്നാല്‍ മരണം പോലും സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് ഇത്. വയസ്സായവരിലും കുട്ടികളിലും സൂര്യാഘാതം ഉണ്ടാകാന്‍ എളുപ്പമാണ്. അമിതചൂടില്‍ ആവശ്യത്തിനു വെള്ളം കുടിക്കാത്തത് രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ടും സൂര്യാഘാതം സംഭവിക്കാം.
ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയില്‍ മുഖ്യം. ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഇടയ്ക്കിടെ കുളിക്കുക. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ബിയര്‍, മദ്യം, കൃതൃമശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റാനും ശ്രദ്ധിക്കണം. മൂത്രത്തില്‍ പഴുപ്പ് വരെ വരാന്‍ സാധ്യത കൂടുതലാണ്. അതിനാല് മാംസഭക്ഷണം കുറച്ച്, ശരീരത്തിന് വെള്ളം കൂടുതല്‍ നല്‍കുക.
സൂര്യപ്രകാശം ഏല്‍ക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ സണ്‍ സ്ക്രീന്‍ ലോഷനുകള്‍ പുരട്ടുക. വെയിലത്ത് ഇറങ്ങുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ സ്വയം
ചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടുക. ശരീരഭാഗങ്ങള്‍ കടുത്ത വെയില്‍ ഏല്‍ക്കാത്തവിധം വസ്ത്രധാരണം ചെയ്യണം. കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക. സൂര്യന്‍ കുത്തനെ ശരീരത്തില്‍ കിരണങ്ങള്‍ ചൊരിയുന്ന അവസ്ഥയുണ്ടാകരുത്. നട്ടുച്ച സമയത്തും മറ്റും പുറത്തിറങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. കുട ചൂടി പോകുന്നത് നന്നായിരിക്കും.
സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുമ്പോഴും വെയിലിലേക്ക് പോകരുത്; ഇത് അസുഖം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ. കറ്റാര്‍വാഴയില്‍ നിന്നുള്ള ചില ലായിനികള്‍ സൂര്യതാപം തടയാനായി സഹായിക്കുന്നുണ്ട്. അധികം ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഇടയ്ക്കിടെ കുളിക്കുക കുളിക്കുമ്പോഴോ, കുളികഴിഞ്ഞിട്ടോ ഉപ്പ് ചേര്‍ന്ന ലായിനികളോ എണ്ണയോ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, പെര്‍ഫ്യൂമുകളോ, ഇതിനുവേണ്ടിയുള്ള സ്പ്രേകളോ ഉപയോഗിക്കുന്നത് അപകടകരമാണ്. കുളിക്കുമ്പോള്‍, പരുക്കനായ വസ്തുക്കള്‍ ഉപയോഗിച്ച് ശരീരം തേയ്ക്കരുത്. തോര്‍ത്താന്‍ ഉപയോഗിക്കുന്ന ടവ്വല്‍ മാര്‍ദ്ദവമുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ സൂര്യതാപമേറ്റ തൊലി പരുക്കനായ തോര്‍ത്തുമുണ്ടിനോടൊപ്പം ഉരിഞ്ഞുചേരാനുള്ള സാധ്യതകളുണ്ട്. ആവുന്നതും വിവിധയിനം ലായനികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
വെയിലില്‍ ഇറങ്ങുമ്പോള് തൊപ്പി ധരിക്കുക. അതുപോലെ തന്നെ നീണ്ടകൈയ്യുള്ള ഷര്‍ട്ടുകള്‍ വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളെ സൂര്യാഘാതത്തില്‍ നിന്നും മോചിപ്പിക്കാന്‍ സഹായിക്കുന്നു. ചിലര്‍ക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. പൊള്ളലേറ്റ ഭാഗത്തെ കുമിളകള്‍ പൊട്ടിക്കരുത്. കൂടാതെ ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട്-നാല് ഗ്ലാസ് വെള്ളം കുടിക്കണം. നന്നായി വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും, ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേക്ക് മാറി നില്‍ക്കണം.
കാലവും കാലാവസ്ഥയും മാറുമ്പോള്‍ ഉണ്ടാകുന്ന പുതിയ രോഗങ്ങളെപ്പോലെ തന്നെ മലയാളികള്‍ക്ക് കേട്ടറിവുപോലുമില്ലാതിരുന്ന സൂര്യതാപവും കേരളത്തില്‍ അനുഭവപ്പെടുന്നു. സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എങ്കിലും ഓരോ വര്‍ഷം ചെല്ലുതോറും ഇരട്ടിച്ചു വരികയാണ്. ഇതുകൊണ്ടുതന്നെ കേരളീയര്‍ സൂര്യാഘാതത്തെപ്പറ്റി കൂടുതല്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു.