മുതിര്‍ന്നവരുടെ ഡേകെയര്‍ - ചില കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം!

ഒരു ദിവസത്തേക്കോ അല്ലെങ്കില്‍ കുറച്ച് ദിവസത്തേക്കോ നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമായി ഏല്‍പ്പിക്കാവുന്ന ഇടമാണ് ഇത്തരം ഡേകെയറുകള്

ഡേകെയര്‍, മുതിര്‍ന്ന വ്യക്തികള്‍, ആരോഗ്യം day care, adult, health
സജിത്ത്| Last Modified വെള്ളി, 24 ജൂണ്‍ 2016 (17:49 IST)
എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള ഓട്ടത്തിനിടയില്‍ നാം ചില വൈകാരിക ബന്ധങ്ങള്‍ മറന്നുപോകുന്നു. പലരും ഉള്ളു കൊണ്ട് മാതാപിതാക്കളെ സ്നേഹിക്കുന്നുണ്ടാവാം. പക്ഷേ, പ്രായോഗികതയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഉയര്‍ന്ന ജീവിത നിലവാരം സ്വപ്നം കാണുന്ന അവര്‍ക്കൊരിക്കലും അച്ഛനമ്മമാര്‍ക്കായി നീക്കി വെക്കാന്‍ സമയമില്ല എന്നതാണ് വാസ്തവം.

നിങ്ങള്‍ ജോലിക്കു പോകുന്ന സമയങ്ങളിലോ, സ്കൂളില്‍ പോകുന്ന സമയത്തോ അല്ലെങ്കില്‍ ഏങ്ങോട്ടെങ്കിലും ഒരു യാത്രപോകുന്ന വേളയിലോ നിങ്ങളുടെ വീട്ടിലെ പ്രായമായവരെ സുരക്ഷിതമായ സ്ഥലത്ത് ഏല്‍പ്പിക്കണമെന്ന് ആഗ്രഹിക്കാറുണ്ടോ? ഇതാ അതിനായി അഡള്‍ട്ട് ഡേകെയറുകള്‍. പ്രായമായവര്‍ക്കു ആവശ്യമായ എല്ലാ സഹായങ്ങളും ഇത്തരം ഡേകെയറുകള്‍ നല്‍കുന്നു. ഒരു ദിവസത്തേക്കോ അല്ലെങ്കില്‍ കുറച്ച് ദിവസത്തേക്കോ നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമായി ഏല്‍പ്പിക്കാവുന്ന ഇടമാണ് ഇത്തരം ഡേകെയറുകള്‍.

പ്രായമായ ആളുകള്‍ക്ക് വേണ്ടി എല്ലാവിധത്തിലുള്ള സൌകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത്തരം ഡേകെയറുകള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ആവശ്യമായ ചികിത്സകളും അവരില്‍ സന്തോഷം പകരുന്ന തരത്തിലുള്ള പല പരിപാടികളും ആവശ്യമായ ഭക്ഷണങ്ങളുമെല്ലാം ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകും. സധാരണയായി തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ചില ഡേകെയറുകള്‍ വൈകുന്നേരങ്ങളില്‍ മാത്രവും ചിലത് ആഴ്ചാവസാനം മാത്രമായും പ്രവര്‍ത്തിക്കാറുണ്ട്.

ഡേകെയറുകളില്‍ മെഡിക്കല്‍ കാമ്പുകളും താമസക്കാരെ ഉള്‍പ്പെടുത്തി ചില സാംസ്കാരിക പരിപാടികളും നടത്താറുണ്ട്. കൂടാതെ സ്വന്തം വീട്ടിനുള്ളില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന എല്ലാ വിധത്തിലുള്ള പരിഗണനകളും ഇത്തരം ഡേകെയറുകള്‍ അവര്‍ക്കായി നല്‍കുന്നു. അതായത് അവര്‍ക്ക് കഴിയുന്ന തരത്തിലുള്ള ചില വ്യായാമ മുറകള്‍ ചെയ്യുന്നതിനും ഭക്ഷണം നല്‍കുന്നതിനും കഴിക്കേണ്ട മരുന്നുകള്‍ കൃത്യമായി നല്‍കുന്നതിനും ഇവര്‍ വളരെയേറെ ശ്രദ്ധ നല്‍കാറുണ്ട്. സ്വന്തമായി ആഹാരം കഴിക്കാന്‍ കഴിയാത്തവരാണെങ്കില്‍ അവരെ സഹായിച്ചും ബത്‌റൂമില്‍ പോകേണ്ട സന്ദര്‍ഭങ്ങളില്‍ കൂടെ പോയും അവര്‍ക്കാവശ്യമായ എല്ലാ പരിചരണങ്ങളും ഇവര്‍ നല്‍കാറുണ്ട്.

എന്നാല്‍ എല്ലാ ഡേകെയറുകള്‍ക്കും അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും ഉണ്ടാകാറുണ്ട്. അത് എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമേ നമ്മുടെ പ്രിയപ്പെട്ടവരെ ഇത്തരം സ്ഥാപനങ്ങളില്‍ ഏല്‍പ്പിക്കാന്‍ പാടുള്ളൂ. അവര്‍ക്ക് ആവശ്യമായ എല്ലാ പരിഗണനകളും നല്‍കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അത്തരം സ്ഥാപനങ്ങളില്‍ പ്രായമായവരെ ഏല്‍പ്പിക്കാന്‍ പാടുള്ളു. അവര്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്നും ചികിത്സ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ അതെല്ലാം കൃത്യമായി നല്‍കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഇത്തരം ഡേകെയറുകളില്‍ മാത്രമേ നമ്മുടെ പ്രിയപ്പെട്ടവരെ ഏല്‍പ്പിക്കാന്‍ പാടുള്ളൂ.

അതേസമയം, ഇത്തരത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന പല ഡേകെയറുകളും ഇന്ന് വ്യാപകമാണ്. അത്തരം സ്ഥപനങ്ങളില്‍ കൃത്യമായ പരിശീലനം പോലും ലഭിക്കാത്ത ജോലിക്കാരായിരിക്കും ഉണ്ടായിരിക്കുക. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ ഒരു കാര്യങ്ങളും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുകയില്ല. പണം മാത്രമായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ ഉദ്ദേശം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രായമായവര്‍ക്ക് ആവശ്യമായ ചികിത്സയോ ഭക്ഷണമോ കൃത്യമായി ലഭിക്കില്ല. ഇത്തരം സ്ഥപനങ്ങളെ തിരിച്ചറിഞ്ഞ ശേഷം മാത്രം ഉചിതമായ തീരുമാനങ്ങള്‍ എടുക്കണം. ചിലവ് കുറവാണെന്ന കാര്യം മാത്രം നോക്കി ഇത്തരം സ്ഥാപനങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ടവരെ ഏല്‍പ്പിക്കുന്നത് വന്‍ വിപത്തിലേക്കായിരിക്കും നമ്മെ നയിക്കുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :