കൊതുകു കടിയേറ്റുള്ള രോഗം മൂലം മരിച്ചാല്‍ അപകട മരണമായി കണക്കാക്കാമെന്ന് കണ്‍സ്യൂമര്‍ ഫോറം. പാമ്പ് കടിയേറ്റുള്ള മരണത്തെ അപകടമായാണ് കണക്കാക്കുന്നത്, ഇതിന്റെ അടിസ്ഥാനത്തില്‍ കൊതുക് കടിയേറ്റുള്ള മരണത്തെ അപകടമായിത്തന്നെ പരിഗണിക്കണമെന്നാണ് ഡല്‍ഹിയിലെ കണ്‍സ്യൂമര്‍ ഫോറം അഭിപ്രായപ്പെടുന്നത്.
പഞ്ചാബ് സ്വദേശിയായ നിര്‍മല്‍ സിംഗിന്റെ പരാതി പരിഗണക്കിവേയാണ് കൊതുകു കടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഫോറം വ്യക്തമാക്കിയത്. ട്രക്ക് ഡ്രൈവറായ പിതാവ് മലേറിയ ബാധിച്ചു മരിച്ചെന്നും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നിഷേധിച്ചുവെന്നുമായിരുന്നു പരാതി. 1997 മുതല്‍ 2007 വരെയുള്ള കാലയളവിലേക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് പിതാവ് എടുത്തതെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു.
2003 ഒക്ടോബര്‍ 19-നാണ് പിതാവ് മരിച്ചത്. നഷ്ടപരിഹാരത്തിനു കമ്പനിയെ സമീപിച്ചപ്പോള്‍ അപകട ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഇത് ഉള്‍പ്പെടില്ലെന്നു വ്യക്തമാക്കി. അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. ഇതേ തുടര്‍ന്നാണ് നിര്‍മല്‍ കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചത്.