ഒരു വയസുകാരന്റെ വായില്‍ ചത്ത പാമ്പ്. കുട്ടി പാമ്പിന്റെ തല കടിച്ചു ചവച്ചിരുന്നു. പതിമൂന്നു മാസം പ്രായമുള്ള ഇമാദ് അലീയന്റെ വായില്‍ 30 സെന്റീമീറ്ററോളം നീളം വരുന്ന പാമ്പിനെ ചവച്ചരച്ച നിലയില്‍ കണ്ടെത്തിയത് കുട്ടിയുടെ അമ്മയായിരുന്നു. ഭയചകിതയായ അവര്‍ ബഹളംവച്ച് അയല്‍ക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു.
ആറ് പല്ലുകളാണ് കുട്ടിക്കുള്ളത്. താന്‍ അടുക്കളയില്‍ പാല്‍ കാച്ചുകയായിരുന്നു എന്നും അല്‍പ്പസമയത്തിന് ശേഷം കുട്ടിയെ അന്വേഷിച്ചപ്പോഴാണ് വായില്‍ പാമ്പുമായി അവനെ കണ്ടെത്തിയതെന്നും മാതാവ് ഗാദിര്‍ അലീയന്‍ പറഞ്ഞു. ജെറുസലേമിന്റെ തുറമുഖ നഗരമായ ഹൈഫയില്‍ നിന്നും 15 കിലോമീറ്റര്‍ കിഴക്കുഭാഗത്തുള്ള ഷെഫാഅമ്‌ര്‍ എന്ന ചെറുപട്ടണത്തിലാണ് താമസം.
ഒരു അയല്‍ക്കാരന്‍ ധൈര്യസമേതം കുട്ടിയുടെ പക്കല്‍ പോകുകയും ചത്ത പാമ്പിനെ പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു. പാമ്പിനെ പുറത്തെടുത്തപ്പോള്‍ ഇമാദ് കരയാന്‍ തുടങ്ങി. കുട്ടിയുടെ വായില്‍ നിന്നും പാമ്പിന്റെ തല പുറത്തെടുക്കുമ്പോള്‍ അത് പൂര്‍ണ്ണമായും ചവച്ചരച്ച നിലയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കുട്ടിയുടെ വായില്‍ പാമ്പിന്റെ കടിയൊന്നും ഏറ്റിട്ടില്ല. ആശുപത്രിയില്‍ എത്തിച്ച് വിഷം അകത്ത് ചെന്നിട്ടില്ലെന്നും സ്ഥിരീകരിച്ചു. മഞ്ഞുകാലമായതിനാല്‍ പാമ്പിനു വിഷം കുറവായത് മൂലമായിരിക്കാം കുട്ടി രക്ഷപ്പെട്ടതെന്നും ഡോക്‍ടര്‍മാര്‍ പറഞ്ഞു.