കഴിഞ്ഞ ജന്‍‌മത്തിലെ ഓര്‍മ്മകളൊക്കെ എവിടെപ്പോയി?

കഴിഞ്ഞ ജന്‍‌മം നിങ്ങള്‍ ആരായിരുന്നു? !

Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (22:09 IST)
ആരുടെയും ജീവിതത്തില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളേക്കുറിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ല. പ്രവചനങ്ങള്‍ നടത്താമെന്നല്ലാതെ ജീവിതത്തില്‍ അതൊന്നും സത്യമായി ഫലിക്കുമെന്ന് പറയാനാവില്ല. കൈനോട്ടക്കാരും ഭാവി പ്രവചിക്കുന്നവരുമൊക്കെ പറയുന്നത് പലപ്പോഴും വലിയ കോമഡിയായി മാറാറാണ് പതിവ്. പിന്നെ കാലാവസ്ഥാപ്രവചനം പോലെ, നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട് എന്ന ഒരു വാചകത്തില്‍ അഭയം തേടാം.

അപ്പോള്‍ ഭാവിയില്‍ എന്ത് നടക്കുമെന്ന് നമുക്ക് പറയാനാവില്ല എന്ന് ഉറപ്പിക്കാം. എന്നാല്‍ കഴിഞ്ഞ ജന്‍‌മം എന്തൊക്കെ നടന്നു എന്ന് ഓര്‍ത്തെടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അപ്പോള്‍ മറുചോദ്യം ചോദിക്കും, അതിന് കഴിഞ്ഞ ജന്‍‌മം എന്നൊന്നുണ്ടെന്ന് പറയാന്‍ പറ്റുമോ? ശരി. ഉണ്ടെന്നാണല്ലോ ചില മതങ്ങളെങ്കിലും പറയുന്നത്. ചില സംഭവങ്ങളും അത് സൂചിപ്പിക്കുന്ന തരത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

നാലുവയസുള്ള മലയാളിപ്പെണ്‍കുട്ടി അവള്‍ ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത തെലുങ്ക് ഭാഷ സംസാരിക്കുന്നു എന്നുകേട്ടാല്‍ നമ്മള്‍ ആ പ്രതിഭാസത്തെ എങ്ങനെ വിശദീകരിക്കും? വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു സാധാരണ വീട്ടമ്മ ഒരു ദിവസം പെട്ടെന്ന് ക്ലാസിക്കല്‍ നൃത്തം ചവിട്ടുന്നു എന്ന് കേട്ടാലോ? ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവരിലൊക്കെ നടന്നത് കഴിഞ്ഞ ജന്‍‌മത്തിന്‍റെ ഓര്‍മ്മകളുടെ തിരിച്ചുവരവായിരിക്കുമോ?

അങ്ങനെ കഴിഞ്ഞ ജന്‍‌മമുണ്ടെങ്കില്‍, നമുക്ക് ആ കാലത്തേക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതെന്തുകൊണ്ട്? ആരാണ് നമ്മുടെ ബോധമണ്ഡലത്തില്‍ നിന്ന് ആ ഓര്‍മ്മകള്‍ മായ്ച്ചുകളഞ്ഞത്? ആ ജന്‍‌മത്തിന്‍റെ തുടര്‍ച്ചയായി ജീവിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? ഇതിനൊന്നും ഉത്തരം നല്‍കാന്‍ നമ്മുടെ ശാസ്ത്രത്തിന് കെല്‍പ്പുണ്ടായിട്ടില്ല. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതാണ് മനുഷ്യജീവിതം.

എന്തായാലും ഒരുകാര്യം നല്ലതാണ്. കഴിഞ്ഞ ജന്‍‌മത്തിന്‍റെ തുടര്‍ച്ചയായി പുതിയ ജന്‍‌മം കിട്ടാതിരുന്നതിനെക്കുറിച്ചാണ്. കഴിഞ്ഞ ജന്‍‌മത്തില്‍ മഹാത്‌മാഗാന്ധിയേപ്പോലെയോ വിവേകാനന്ദനെപ്പോലെയോ ആയിരുന്നു നമ്മളെങ്കില്‍ ഈ ജന്‍‌മം അത് തുടരാം. കുഴപ്പമൊന്നുമില്ല. പക്ഷേ ഇന്നത്തേ സാഹചര്യത്തില്‍ അവര്‍ക്കുപോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് ഓര്‍ക്കണം. കഴിഞ്ഞ ജന്‍‌മത്തില്‍ വലിയ മദ്യപാനിയോ പുകവലിക്കാരനോ ക്രിമിനലോ കൊലപാതകിയോ ഒക്കെയായിരുന്നു നമ്മളെങ്കിലോ? അത് തുടരാതിരിക്കുന്നതുതന്നെ ഏറ്റവും നല്ലത്.

അപ്പോള്‍ പിന്നെ, കഴിഞ്ഞ ജന്‍‌മത്തിന്‍റെ ഓര്‍മ്മകളൊക്കെ ഇല്ലാതിരിക്കുന്നതാണ് ഭേദം. മനസിന്‍റെ ആഴത്തിലെ ഏതോ അറയില്‍ അതങ്ങനെ ചാരം‌മൂടി കിടക്കട്ടെ, അല്ലേ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :