രേണുക വേണു|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (12:12 IST)
തലച്ചോറിലേക്കുള്ള രക്തയോട്ടം താളംതെറ്റുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. ശരീരത്തിന്റെ ഒരു വശം തളരുകയോ അല്ലെങ്കില്‍ മരണം വരെയോ സംഭവിക്കാവുന്ന അവസ്ഥയാണ് ഇത്. തലച്ചോറിലേക്ക് രക്തം കൃത്യമായി എത്താതിരിക്കുകയോ രക്ത ധമനി പൊട്ടുകയോ ചെയ്താല്‍ സ്‌ട്രോക്ക് സംഭവിക്കും. അതേസമയം പലരിലും സ്‌ട്രോക്കിനു മുന്‍പ് ചില ലക്ഷണങ്ങള്‍ കാണിക്കും. അതൊരു മുന്നറിയിപ്പാണ്. നിങ്ങള്‍ക്ക് സ്‌ട്രോക്ക് സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നതിന്റെ മുന്നറിയിപ്പ്. മിനി സ്‌ട്രോക്ക് എന്നാണ് ഇത് അറിയപ്പെടുക.
ഏതാനും മിനിറ്റുകളോ അല്ലെങ്കില്‍ 24 മണിക്കൂറോ മിനി സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കാണിക്കാം. വൈദ്യസഹായം തേടേണ്ട ഘട്ടത്തിലാണ് നിങ്ങള്‍ എന്നതിന്റെ സൂചനയാണ് ഈ ലക്ഷണങ്ങള്‍. ഏതാനും സമയത്തേക്ക് ഓര്‍മ നഷ്ടപ്പെടുക, സ്വന്തം പേരും മറ്റ് വിവരങ്ങളും പോലും ഓര്‍ത്തെടുക്കാന്‍ സാധിക്കാതിരിക്കുക എന്നിവയെല്ലാം മിനി സ്‌ട്രോക്കിന്റെ ലക്ഷണമാണ്. 43 ശതമാനം ആളുകളിലും സ്‌ട്രോക്കിന് മുന്‍പ് മിനി സ്‌ട്രോക്ക് ലക്ഷണങ്ങള്‍ കാണിക്കുമെന്നാണ് പഠനം.
ഒന്നും മനസിലാകാത്ത അവസ്ഥ, എല്ലാ കാര്യത്തിലും ഒരു ആശയക്കുഴപ്പം തോന്നുക, പല കാര്യങ്ങളും മറന്നു പോകുക എന്നിവയെല്ലാം മിനി സ്‌ട്രോക്കിന്റെ ലക്ഷണമാണ്. തലകറക്കം, ശരീരത്തിന്റെ നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥ, തലവേദന എന്നിവയെല്ലാം ഉണ്ടെങ്കില്‍ അത് സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണെന്ന് മനസിലാക്കുക. ചിലര്‍ക്ക് കാഴ്ചയ്ക്ക് ബുദ്ധിമുട്ട് തോന്നും. മങ്ങിയ കാഴ്ച അല്ലെങ്കില്‍ ഡബിള്‍ വിഷന്‍ എന്നിവയൊക്കെയാണ് അതിന്റെ പ്രധാന ലക്ഷണം. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എംആര്‍ഐ സ്‌കാനിങ്ങിനോ സിടി സ്‌കാനിങ്ങിനോ വിധേയമാകണം. നിങ്ങളുടെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു സാരമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നാണ് ഈ ലക്ഷണങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്. സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അമിത രക്ത സമ്മര്‍ദ്ദമാണ് പലപ്പോഴും സ്‌ട്രോക്കിലേക്ക് നയിക്കുന്നത്. ഇടയ്ക്കിടെ രക്ത സമ്മര്‍ദ്ദം പരിശോധിക്കണമെന്ന് പറയുന്നത് ഇക്കാരണത്താലാണ്.