രേണുക വേണു|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (10:34 IST)
രാത്രി നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി നമുക്കിടയില്‍ ആരും കാണില്ല. ശരീരത്തിനും മനസിനും ഒരുപോലെ വിശ്രമം അനുവദിക്കേണ്ടത് നല്ല ആരോഗ്യത്തിനു അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും രാത്രി നല്ല ഉറക്കം കിട്ടാതെ നമ്മളില്‍ പലരും ബുദ്ധിമുട്ടാറുണ്ട്. രാത്രിയിലെ ഉറക്കം പ്രയാസകരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ്.
രാത്രി കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കും. കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഭക്ഷണം കഴിച്ച ഉടനെ പോയി ഉറങ്ങാന്‍ കിടക്കരുത്. ഇത് വയറില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
വളരെ മിതമായി മാത്രം വേണം രാത്രി ഭക്ഷണം കഴിക്കാന്‍. കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണം. വയറ് നിറയെ രാത്രി ഭക്ഷണം കഴിക്കരുത്. വയറില്‍ അല്‍പ്പം സ്ഥലം ഒഴിഞ്ഞു കിടക്കുന്ന വിധം വളരെ ലഘുവായ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. നോണ്‍ വെജ് വിഭവങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ എന്നിവ രാത്രി നിര്‍ബന്ധമായും ഒഴിവാക്കണം. അമിതമായ എരിവും പുളിയുമുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്. പാല്‍, ചായ, കാപ്പി തുടങ്ങിയവ രാത്രി ഒരു കാരണവശാലും കുടിക്കരുത്.