കുടവയര്‍... ആയുസിനെ കുറയ്ക്കുന്ന കാലന്‍

VISHNU N L| Last Updated: വ്യാഴം, 9 ജൂലൈ 2015 (14:25 IST)
കുടവയറിനെ (അബ്ഡോമിനൽ ഒബീസിറ്റി) വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമായി കരുതിയാൽ അതു വലിയ മണ്ടത്തരമാണെന്നോർക്കുക. അപകടകരമായ ജീവിതശൈലീരോഗങ്ങൾ പിടിപെടാനുള്ള വലിയ സാധ്യത കൂടിയാണ് വയറിന്റെ ഭാഗത്തെ അമിതമായ കൊഴുപ്പടിയൽ. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മർദം, ഫാറ്റി ലിവർ ഇങ്ങനെ രോഗങ്ങളുടെ പടയാണ് കുടവയറുള്ളവരെ കാത്തിരിക്കുന്നത്. മദ്യപന്മാരായ പുരുഷന്മാരെ ബാധിക്കും പോലെയുള്ള കടുത്ത കരൾരോഗങ്ങൾ പോലും കുടവയറുള്ള സ്ത്രീകളെ ബാധിക്കാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

അതിനാല്‍ കുടവയറുണ്ടാകാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാതാക്കുക മാത്രമാണ് പോംവഴി. കുടവയറുണ്ടാകാന്‍ അഞ്ച് കാരണങ്ങളാണ് ഉള്ളതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യകരമല്ലാത്ത ഡയറ്റ്, വ്യായാമമില്ലായ്മ, സ്ട്രെസ്, കുറഞ്ഞ മെറ്റബോളിക് നിരക്ക് തുടങ്ങിയവയാണവ.

1 ആരോഗ്യകരമല്ലാത്ത ഡയറ്റ്: മൈദ, തവിടു നീക്കിയ അരി, വൈറ്റ് ബ്രെഡ് തുടങ്ങിയ ഫൈബറില്ലാത്ത ആഹാരരീതി. മിച്ചം വരുന്ന കാലറി ശരീരത്തിനു വ്യായാമമില്ലാത്തപ്പോൾ നേരെ വയറിലെ കൊഴുപ്പായി അടിഞ്ഞു കൂടുന്നു.

2 വ്യായാമമില്ലായ്മ: പതിവായി വ്യായാമം ചെയ്യുമ്പോൾ അധിക കാലറി ഉപയോഗിച്ചു തീരുന്നു. ഹൃദയവും ആരോഗ്യത്തോടെയിരിക്കുന്നു. വ്യായാമക്കുറവു കാരണമാണ് ശരീരത്തിലെ എക്സ്ട്രാ കാലറി നേരെ ഫാറ്റായി അടിയുന്നത്. ഇത് ആദ്യം തന്നെ വയറിന്റെ ഭാഗത്ത് അടിയുന്നു.

3 പാരമ്പര്യം: ശരീരത്തിൽ ഏതു ഭാഗത്താണ് കൊഴുപ്പടിയുന്നതെന്നു തീരുമാനിക്കുന്നതിൽ പാരമ്പര്യമായ പങ്കുണ്ട്. ചില സ്ത്രീകൾക്ക് വയറിലാണ് ആദ്യം കൊഴുപ്പടിയുക. ചിലർക്ക് ബട്ടക്സ്, കാൽ വണ്ണകൾ ഇവയിലായിരിക്കും. ശരീരത്തിന്റെ ആകൃതി തീരുമാനിക്കപ്പെടുന്നത് ഇങ്ങനെയാണ്.

4 സ്ട്രെസ്: ഉയർന്ന മാനസിക സമ്മർദമുള്ളവരിൽ കൊഴുപ്പ് കൂടുതലായി അടിയുന്നുവെന്ന് പഠനങ്ങൾ. ഉയർന്ന ടെൻഷനിലായിരിക്കുമ്പോൾ ശരീരം കൂടുതൽ കോർട്ടിസോണും ഇൻസുലിനും ഉൽപാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഭക്ഷണത്തോടും മധുരത്തിനോടും ആർത്തി തോന്നുന്നു. കൂടുതൽ ഭക്ഷണം കഴിക്കുന്നതു വഴി വയറിൽ കൊഴുപ്പടിയുന്നു.

5 കുറഞ്ഞ മെറ്റബോളിക് നിരക്ക്: ചില സ്ത്രീകളിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് പതുക്കെയായിരിക്കും. ഇത് കുറഞ്ഞ ഭക്ഷണമേയുള്ളൂവെങ്കിൽ പിടിച്ചു നിൽക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികരീതിയാണ്. ഇതും വയറിൽ കൊഴുപ്പടിയുന്നതിലേക്കു നയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :