VISHNU N L|
Last Modified ബുധന്‍, 1 ജൂലൈ 2015 (15:43 IST)
കൃത്രിമ മധുരപാനീയങ്ങള്‍ ഉപയോഗിക്കുന്നത് അധികമായാല്‍ ധാരാളം രോഗങ്ങള്‍ ഉണ്ടാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇത്തരം പാനീയങ്ങള്‍ നിരവധി അളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയായാണ് എന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. പ്രതിവര്‍ഷം ലോകത്ത് ഇത്തരം പാനീയങ്ങളുടെ ഉപയോഗം മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം
1,84000 ആണെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.
ബോസ്റ്റണിലെ റ്റഫ് സര്‍വകലാശാലയ്ക്ക് കീഴിലെ ഫ്രെയ്ഡ്‍മെന്‍ സ്കൂള്‍ ഓഫ് ന്യൂട്രിഷന്‍ സയന്‍സ് ആന്റ് പോളിസിയിലെ ഡീന്‍ ആയ ഡോക്ടര്‍ ദാരിയുഷ് മോസാഫാറിയന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. 51 രാജ്യങ്ങളിലെ 6,11,971 വ്യക്തികളിലായി നടത്തിയ 62 പഠനങ്ങളിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. 1980 മുതല്‍ 2010 വരെയായിരുന്നു സര്‍വെ നടത്തിയത്.
കൂടുതല്‍ ആളുകളും മരണമടഞ്ഞത് ഇത്തരം പാനീയങ്ങള്‍ ഉപയോഗിച്ച് പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും കാന്‍സറും പിടിപെട്ടാണെന്നാണ് ഇവര്‍ കണ്ടെത്തിയത്. 2010 ല്‍ ഇത്തരത്തിലുള്ള പാനീയങ്ങളുടെ ഉപയോഗം മൂലം പ്രമേഹബാധിതരായി 1,33000 പേരും ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 45000 പേരും കാന്‍സര്‍ ബാധിച്ച് 6450 പേരുമാണ് മരിച്ചത്.
ഫിസ്സി ഡ്രിങ്ക്സ്, ഫ്രൂട്സ് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ്, ഐസ് ടീ എന്നിവയൊക്കെയാണ് ഇവയില്‍ പ്രധാന വില്ലന്മാര്‍. ഇതിന്റെ ഉപഭോഗം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ ആയിരത്തില്‍ പത്തുപേരയെങ്കിലും ഒരുവര്‍ഷം മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്.