മലപ്പുറത്ത് അഞ്ചാംപനി ഭീതി; പനിയുണ്ടെങ്കില്‍ സൂക്ഷിക്കുക, രോഗലക്ഷണങ്ങള്‍ ഇതെല്ലാം

ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി

രേണുക വേണു| Last Modified ശനി, 26 നവം‌ബര്‍ 2022 (11:39 IST)

മലപ്പുറത്ത് അഞ്ചാംപനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നത്. പ്രത്യേക കേന്ദ്രസംഘം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മലപ്പുറത്ത് എത്തിയിട്ടുണ്ട്. അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസല്‍സ്, റുബല്ല അഥവാ എംആര്‍ വാക്‌സിന്‍ നല്‍കുന്നതിലൂടെ അഞ്ചാംപനിയെ പ്രതിരോധിക്കാന്‍ കഴിയും. അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്കാണ് സാധാരണ എംആര്‍ വാക്‌സിന്‍ നല്‍കുന്നത്.

ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി. കൗമാര പ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്. പനിയുണ്ടെങ്കില്‍ ജാഗ്രത പുലര്‍ത്തണം. പനിക്കൊപ്പം ശരീരത്തില്‍ എവിടെയെങ്കിലും ചൊറിഞ്ഞ് ചെറിയ തടിപ്പുകള്‍ വരുകയാണെങ്കില്‍ അത് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണമാണ്. പനിയുള്ള കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോകരുത്.

പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം, ശരീരക്ഷീണം, ദേഹമാസകലം ചുവന്ന തിണര്‍പ്പുകള്‍ എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടായേക്കാം.

അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന കണങ്ങള്‍ വഴിയോ അഞ്ചാംപനി പകരും. അതുകൊണ്ട് രോഗം ബാധിച്ചവര്‍ പൂര്‍ണമായി ഐസോലേഷനില്‍ കഴിയുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :