ഉപ്പ് അധികമായാല്‍ എന്തൊക്കെ അപകടങ്ങള്‍? തലച്ചോറിന് വരെ ഭീഷണി !

അമിതമായ ഉപ്പിന്റെ ഉപയോഗം തലച്ചോറിലെ സ്‌ട്രെസ് ഹോര്‍മോണിന്റെ അളവ് 60 മുതല്‍ 75 ശതമാനം വരെ വര്‍ധിപ്പിക്കുന്നു

രേണുക വേണു| Last Updated: ബുധന്‍, 23 നവം‌ബര്‍ 2022 (15:08 IST)

ഭക്ഷണത്തിനു രുചി നല്‍കുന്ന ഘടകമാണ് ഉപ്പ്. എന്നാല്‍ ഉപ്പ് അധികമായാല്‍ എന്തൊക്കെ വിപത്തുകളാണ് മനുഷ്യനെ തേടിയെത്തുകയെന്ന് അറിയാമോ? ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, സ്‌ട്രോക്ക് എന്നിവയ്‌ക്കെല്ലാം അമിതമായ ഉപ്പിന്റെ ഉപയോഗം കാരണമായേക്കാം. അതുകൊണ്ട് ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം.

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ അമിതമായ ഉപ്പിന്റെ ഉപയോഗം തലച്ചോറിന്റെ സമ്മര്‍ദ്ദം കൂട്ടുമെന്നാണ് പറയുന്നത്. അമിത സമ്മര്‍ദ്ദത്തിനു കാരണമായ സ്‌ട്രെസ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ ഉപ്പിന് സാധിക്കും. അമിതമായ ഉപ്പിന്റെ സാന്നിധ്യം ഗ്ലൂക്കോകോര്‍ട്ടിസോയ്ഡ്‌സിന്റെ അളവ് വര്‍ധിപ്പിക്കും. പ്രതിരോധത്തേയും മെറ്റാബോളിക് പ്രവര്‍ത്തനങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.

അമിതമായ ഉപ്പിന്റെ ഉപയോഗം തലച്ചോറിലെ സ്‌ട്രെസ് ഹോര്‍മോണിന്റെ അളവ് 60 മുതല്‍ 75 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും അമിത സമ്മര്‍ദ്ദം തോന്നുകയും ചെയ്യും. അമിതമായ ഉപ്പിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദം കൂട്ടുകയും സ്‌ട്രോക്ക് അഥവാ ശരീരം തളരാനുള്ള സാധ്യത എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്.

അമിതമായ ഉപ്പിന്റെ ഉപയോഗം ഓര്‍മക്കുറവിലേക്ക് നയിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, തലച്ചോറിന്റെ സമ്മര്‍ദ്ദം എന്നിവ വര്‍ധിക്കുന്നതിലൂടെ വ്യക്തിയുടെ സ്വഭാവത്തിലും വ്യത്യാസങ്ങള്‍ കാണപ്പെട്ടേക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :