പ്രമേഹമുണ്ട്, എന്ന് കരുതി ഭക്ഷണ നിയന്ത്രണമൊന്നും ഇല്ല; ഇങ്ങനെ പറയുന്നവര്‍ സൂക്ഷിക്കുക, അപകടം തൊട്ടടുത്തുണ്ട്

പ്രമേഹം കണ്ടെത്തിയ ആദ്യനാള്‍ മുതല്‍ തന്നെ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരണം

രേണുക വേണു| Last Modified ശനി, 19 ഓഗസ്റ്റ് 2023 (09:45 IST)

ഏറെ പേടിക്കേണ്ട അസുഖമാണ് പ്രമേഹം. ഭക്ഷണത്തില്‍ ക്രമീകരണം നടത്തിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കേണ്ടത്. 'പ്രമേഹമുണ്ടെങ്കിലും ഞാന്‍ എല്ലാ ഭക്ഷണ സാധനങ്ങളും കഴിക്കും' എന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ? പ്രമേഹത്തെ തുടര്‍ന്ന് മറ്റ് പ്രശ്‌നങ്ങളൊന്നും നേരിടാത്തവരായിരിക്കും കൂടുതലും ഇങ്ങനെ പറയുക. എന്നാല്‍ നിങ്ങളുടെ ശരീരം പ്രമേഹത്തെ തുടര്‍ന്ന് യാതൊരു മാറ്റങ്ങളും കാണിച്ചില്ലെങ്കിലും ഭക്ഷണത്തില്‍ നിയന്ത്രണം വേണ്ടത് അത്യാവശ്യമാണ്.

പ്രമേഹം കണ്ടെത്തിയ ആദ്യനാള്‍ മുതല്‍ തന്നെ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരണം. കാരണം കാലക്രമേണയായിരിക്കും പ്രമേഹത്തിന്റെ അനന്തരഫലങ്ങള്‍ ശരീരത്തില്‍ കാണിക്കുക. അത് ചിലപ്പോള്‍ കാഴ്ച നഷ്ടപ്പെടല്‍, കൈ കാലുകളിലെ പഴുപ്പ് എന്നിങ്ങനെയൊക്കെ ആയിരിക്കാം. അതായത് തുടക്കത്തില്‍ തന്നെ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ അധികം പേടിക്കേണ്ട.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ അത് രക്ത ധമനികളെ ബാധിക്കുന്നു. അതായത് പ്രമേഹം ഹൃദയാഘാതത്തിലേക്ക് വരെ നയിക്കാന്‍ സാധ്യതയുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ധിപ്പിക്കാന്‍ പ്രധാന കാരണം. പ്രമേഹം നിയന്ത്രിക്കണമെങ്കില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ചോറ് ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം.

പഞ്ചസാരയില്‍ റിഫൈന്‍ഡ് കാര്‍ബ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. അതായത് പഞ്ചസാര, വൈറ്റ് ബ്രഡ്, സോഡ, ഐസ്‌ക്രീം എന്നിവയെല്ലാം പ്രമേഹത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. പഞ്ചസാര ചേര്‍ത്ത് ചായ, കാപ്പി എന്നിവ കുടിക്കുന്നതും ശരീരത്തിനു ദോഷമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പ്രമേഹ രോഗികള്‍ കഴിക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍, ഫ്രൂട്ട്‌സ്, നട്ട്‌സ് എന്നിവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമായേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :