ദീര്‍ഘനേരമുള്ള നെഞ്ചെരിച്ചില്‍ നിസാരമായി കാണരുത്; അറിഞ്ഞിരിക്കാം സൈലന്റ് അറ്റാക്കിനെ കുറിച്ച്

നെഞ്ചില്‍ അസ്വസ്ഥതയും ചെറിയൊരു ഭാരവും മാത്രമാണ് തോന്നുന്നതെങ്കില്‍ അത് ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും

രേണുക വേണു| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (12:57 IST)

'സൈലന്റ് അറ്റാക്ക്' മൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഉറക്കത്തില്‍ പോലും സംഭവിക്കുന്നതാണ് സൈലന്റ് അറ്റാക്ക്. ഇത് വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷം കൂടിയാണ്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഏതെങ്കിലും ചെറിയ രക്തക്കുഴലില്‍ തടസം അനുഭവപ്പെട്ടാല്‍ സൈലന്റ് അറ്റാക്ക് ഉണ്ടാകും.

നെഞ്ചിന്റെ മധ്യഭാഗം മുതല്‍ ഇടതുവശത്തേക്കുള്ള വേദനയും ഭാരം അനുഭവപ്പെടലുമാണ് സാധാരണയായി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍. തലകറക്കവും ഛര്‍ദിയും ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ഇത്തരം പ്രകടമായ ലക്ഷണങ്ങളൊന്നും വരാതെ സംഭവിക്കുന്ന ഹൃദയാഘാതമാണ് സൈലന്റ് അറ്റാക്ക്. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഇതിനു കാണിക്കൂ. ദഹനക്കേട്, ദുര്‍ബലമാകുന്ന പേശികള്‍, ക്ഷീണം തുടങ്ങിയ ശക്തമായ ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് അറ്റാക്ക് വരുന്നതെങ്കില്‍ അതിനെ 'നിശബ്ദ ഹൃദയാഘാതം' അഥവാ 'സൈലന്റ് അറ്റാക്ക്'എന്ന് വിളിക്കുന്നു.

നെഞ്ചില്‍ അസ്വസ്ഥതയും ചെറിയൊരു ഭാരവും മാത്രമാണ് തോന്നുന്നതെങ്കില്‍ അത് ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും. സൈലന്റ് അറ്റാക്കിനു നെഞ്ചില്‍ ശക്തമായ വേദനയുണ്ടാകില്ല. കൈകള്‍, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുകയും എന്നാല്‍ നെഞ്ചിനുള്ളില്‍ മറ്റ് അസ്വസ്ഥതകളും വേദനയും തോന്നാതിരിക്കുകയും ചെയ്താല്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും. ഇത്തരം അസ്വസ്ഥതകളും ബുദ്ധിമുട്ടും തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.

ഉറക്കത്തില്‍ വിയര്‍ത്ത് ഉണരുക, ഓക്കാനവും ഛര്‍ദിക്കാന്‍ തോന്നലും ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാകും. നെഞ്ചിനുള്ളില്‍ വലിയ ബുദ്ധിമുട്ട് ഇല്ലാത്തപ്പോഴും ശ്വാസംമുട്ടും ക്ഷീണവും അനുഭവപ്പെട്ടാല്‍ അത് സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കാം. ചെറിയ ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും ഏറെ ദൂരം നടക്കുമ്പോഴും കിതപ്പ് അനുഭവപ്പെടുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്താല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. ഇത് ചിലരിലെങ്കിലും ചെറിയ തോതിലുള്ള നിശബ്ദമായ ഹൃദയാഘാത മുന്നറിയിപ്പായി കണക്കാക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :