Sumeesh|
Last Updated:
വെള്ളി, 23 മാര്‍ച്ച് 2018 (15:25 IST)
നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ട് വരാറുള്ള പഴമാണ് മൾബറി. നാട്ടിൻപുറങ്ങളിൽ പട്ടുനൂൽ കൃഷിക്കായി ഉപയോഗിക്കാറുള്ള ചെടികൂടിയാണ് ഇത്. പട്ടുനൂൽ പുഴുവിനെ വളർത്താൻ മാത്രമല്ല അമൂല്യ ഔഷധ ഗുണങ്ങളടങ്ങിയ ഒരു ഉത്തമ ഫലമാണ് മൾബറി. എന്നാൽ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെയാണ് മൾബറിയുടേയും കാര്യം.
അമൂല്യമായ പഴത്തിനു പക്ഷേ നാം എന്തു മാത്രം വില കല്പിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യം തന്നെ. കടയിൽ നിന്നും വാങ്ങുന്ന വില കൂടിയ പഴങ്ങളോടാണല്ലോ എല്ലാവർക്കും പ്രിയം.
മൾബറിയിൽ ഏ, സി, ഇ, കെ എന്നീ ജീവകങ്ങൾ അടങ്ങിയിരിക്കുന്നു. 43 കിലോ കലോറി ഊർജ്ജം മൾബറി നമ്മുടെ ശരീരത്തിനു നൽകും. കാൽസ്യം, കോപ്പര്‍ ഇരുമ്പ്, മഗ്നീഷ്യം, സെലെനിയം, സിങ്ക് എന്നീ ധാതുക്കളാൽ സമ്പന്നമാണ് ഈ ഫലം. ഇതും കൂടാതെ ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിൻ, ല്യൂട്ടിൻ, സിസാന്തിൻ എന്നിവയും ധാരാളമായി മൾബറിയിൽ അടങ്ങിയിരിക്കുന്നു.
ഒരു കുഞ്ഞു പഴത്തിൽ ഇത്രയധികം ഗുണങ്ങളോ എന്നു ചിന്തിക്കുകയായിരിക്കും. പക്ഷേ മുഴുവൻ പറഞ്ഞു തീർന്നില്ല. അകാല വാർധക്യം ഒഴിവാക്കാൻ ഉത്തമ ഔഷധമാണ് മൾബറി. ദിവസവും കൃത്യമായ അളവിൽ മൾബറി കഴിക്കുന്നത് ദഹനത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കും.
മൾബറിയിൽ അടങ്ങിയിരിക്കുന്ന റെസ്‌വെറാട്രോൾ എന്ന ഫ്ലെവനോയ്ഡ് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. മാത്രമല്ല ഇത് അരുണ രക്താണുക്കളെ ഉത്പാദിപ്പിക്കൻ സഹായിക്കുന്നതിലൂടെ മികച്ച രക്ത ചംക്രമണവും കൈവരും. മൾബറിയിലെ ജീവകം എ കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. ഇനിയും കിടക്കുന്നു ഈ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. പനിയും തലവേദനയും തുടങ്ങി തലച്ചോറിന്റെ ആരോഗ്യത്തിനു വരെ ഉത്ത ഔഷധമാണ് മൾബറി.