BIJU|
Last Modified വ്യാഴം, 22 മാര്‍ച്ച് 2018 (15:41 IST)
അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറികളാണ് മലയാളികള്‍ പൊതുവേ ഉപയോഗിക്കുന്നത്. മാരകമായ കീടനാശിനി തളിച്ച് വളരുന്ന ഇത്തരം പച്ചക്കറികള്‍ കഴിച്ചാല്‍ പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകും. അടുത്തിടെ നടത്തിയ പല പഠനങ്ങളും പച്ചക്കറികളില്‍ മാരകമായ കീടനാശിനി തളിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാരറ്റ്, പച്ചമുളക്, ചുവപ്പ് ചീര, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയവയിലെല്ലാം അപകടകരമായ രീതിയില്‍ വിഷാംശം ഉണ്ടെന്നാണ് കണ്ടെത്തല്‍. പ്രൊഫിനോഫോസ്, മീഥെയില്‍ പാരത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് പച്ചക്കറികളില്‍ തളിക്കുന്നത്. പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ ചില എളുപ്പവഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി തളിക്കുന്നത് കാബേജിലാണ്. ഇതിന്റെ വിഷാംശം കളയാന്‍ കാബേജിന്റെ പുറമേയുള്ള നാലോ അഞ്ചോ ഇതളുകള്‍ കളഞ്ഞ് കുറച്ചു സമയം ഉപ്പുവെള്ളത്തിലിട്ട ശേഷം ഉപയോഗിക്കാം. കോളിഫ്‌ളവറിന്റെ ഇലയും തണ്ടും കളഞ്ഞശേഷം വിനാഗിരി ലായനിയിലോ ഉപ്പുവെള്ളത്തിലോ പത്ത് മിനിറ്റ് മുക്കി വയ്ക്കുക.
പുതിനയില, പച്ചമുളക്, കാപ്‌സിക്കം, കത്തിരി, തക്കാളി, കോവയ്ക്ക എന്നിവ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം വെള്ളത്തില്‍ പലതവണ കഴുകി ഉപയോഗിക്കാം. പാവയ്ക്കയും വെണ്ടയ്ക്കയും രണ്ടോ മൂന്നോ വെള്ളത്തില്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. ബീറ്റ്‌റൂട്ട്, കാരറ്റ്, മുരിങ്ങയ്ക്ക എന്നിവ തൊലി കളഞ്ഞശേഷം നന്നായി കഴുകുക.
ഒട്ടുമിക്ക പച്ചക്കറികളും വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ കഴുകിയെടുക്കുമ്പോള്‍ വിഷാംശം പോകും. ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നതിലൂടെയും പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ സാധിക്കും. പച്ചക്കറികളും പഴങ്ങളും തണുത്തവെള്ളത്തില്‍ കഴുകുന്നത് കെമിക്കലുകളെ ഒരുപരിധിവരെ കുറയ്ക്കും.