എന്നെന്നും പ്രണിയിക്കാം... ഇതിന് നിങ്ങള്‍ തയ്യാറാണെങ്കില്‍ മാത്രം !

എന്നെന്നും പ്രണയിക്കാന്

relationship, love, life, wedding, couple, എന്നെന്നും പ്രണയിക്കാന്‍, ലവ്, ലൈഫ്, കല്യാണം, വിവാഹം, കിടപ്പറ
സജിത്ത്| Last Modified ബുധന്‍, 24 മെയ് 2017 (15:19 IST)
നിത്യഹരിതമാണ് പ്രണയം. പ്രണയിക്കുന്നവരുടെ ജീവിതമാകട്ടെ നിത്യഹരിത സുന്ദരവും. സുന്ദരമായ പ്രണയത്തിനിടയ്ക്ക് എപ്പോഴെങ്കിലും മങ്ങലേറ്റാല്‍ ജീവിതത്തിലെ പ്രകാശം തന്നെ അണഞ്ഞു പോകും. ഇനി അത്തരത്തിലുള്ളൊരു ‘പവര്‍കട്ട്’ നിങ്ങളുടെ ജീവിതത്തില്‍ വേണ്ട. വിവാഹം കഴിഞ്ഞാലും പ്രണയത്തെ കൂടുതല്‍ സുന്ദരമാക്കാം. അതിനായി ഇതാ ചില കുറച്ച് ‘ലവ് സീക്രട്‌സ്’.

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്നു നാലു മാസം ‘തേനേ പാലേ...കണ്ണേ കരളേ’ എന്നൊക്കെയായിരിക്കും. മധുവിധു കാലത്തെ പരസ്പര സ്‌നേഹം കണ്ടാല്‍ കാമദേവന്‍ പോലും മാറിനില്‍ക്കും. ഹണിമൂണ്‍ ട്രിപ്പെല്ലാം കഴിഞ്ഞ് ജോലിത്തിരക്കിലേക്കും ജീവിതത്തിരക്കിലേക്കും വീഴുമ്പോള്‍ പ്രണയത്തിനെവിടെ സമയം എന്നാ‍യിരിക്കും പറച്ചില്‍. എങ്കില്‍ ഇനി അത്തരം കമന്റുകള്‍ക്ക് വിട പറഞ്ഞോളൂ.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിയും ഭക്ഷണവും കഴിഞ്ഞ് ബെഡ്‌റൂമിലേക്ക് പോകുന്നത് ഉറങ്ങാന്‍ മാത്രമാകരുത്. പങ്കാളിയുമായി ഓഫീസിലെയും മറ്റും വിശേഷങ്ങള്‍ പങ്കുവെക്കണം. ഓഫീസില്‍ നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പറയാം. ഇനി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കാം. ദിവസവും ഇതൊന്ന് ആവര്‍ത്തിച്ചു നോക്കു. ഓരോ ദിനം കഴിയുന്തോറും നിങ്ങളും പങ്കാളിയും തമ്മിലുള്ള മാനസിക അടുപ്പം ശക്തവും ദൃഢവുമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഭാര്യാ-ഭര്‍തൃബന്ധം സുദൃഢമാക്കുന്നതിനൊപ്പം നിങ്ങളുടെയും പങ്കാളിയുടെയും സുഹൃത്തുക്കളുമായുള്ള സൌഹൃദവും കാത്തുസൂക്ഷിക്കണം. സുഹൃത്തുക്കളുടെ കല്യാണങ്ങള്‍ക്കും പിറന്നാള്‍ പാര്‍ട്ടികള്‍ക്കും രണ്ടുപേര്‍ക്കും ഒരുമിച്ച് പോകാം. അവര്‍ക്ക് ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്‍കാം. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങളില്‍ അവര്‍ക്ക് സാന്ത്വനമാകുന്നതിനൊപ്പം സന്തോഷങ്ങളില്‍ സാന്നിധ്യമാകാനും ശ്രമിക്കുന്നത് നല്ലതാണ്.

വീട്ടിലെ ജോലിഭാരം ഒരാളുടെ ചുമലില്‍ കെട്ടിവച്ചൊഴിയുകയെന്നത് ഒരു നല്ല പ്രവണതയല്ല. വീട്ടു ജോലികളില്‍ പരസ്‌പര പങ്കാളിത്തം ആവശ്യമാണ്. ദാമ്പത്യം എണ്ണയില്‍ പൊട്ടിത്തെറിക്കുന്ന കടുക് പോലെയാകാതിരിക്കണമെങ്കില്‍ ‘അറ്റ്‌ലീസ്റ്റ്’ അടുക്കളയില്‍ വന്ന് കടുകെങ്കിലും പൊട്ടിക്കണം. ഭക്ഷണത്തില്‍ മാത്രമല്ല പാചകത്തിലും അല്‍പ്പം ‘ഷെയര്‍‘ ചെയ്യുന്നത് നല്ലതാണെന്ന് സാരം.

പ്രണയവും രതിയും പരസ്പരപൂരകങ്ങളാണ്. കിടപ്പറയാണ് ദാമ്പത്യജീവിതത്തിന്‍റെ ഹൃദയഭാഗമെന്ന് പറഞ്ഞതാരാണ്? ആരുമാവട്ടെ, അക്കാര്യം 100 ശതമാനം സത്യവുമാണ്. ലൈംഗികതയില്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പരിഗണന നല്‍കുക. വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുക. സെക്സ് ഒരു കലയാണ്. അത് രസപ്രദമാക്കുക.

ലൈംഗികബന്ധത്തിന് ശേഷം തിരിഞ്ഞുകിടന്നുറങ്ങിക്കളയരുത്. സ്നേഹത്തോടെയുള്ള ഒരു തലോടലിനായി ആ സമയം പങ്കാളി കൊതിക്കുന്നുണ്ടാകും. സുന്ദരമായ ഉറക്കം സുന്ദരമായ പ്രണയം പോലെ തന്നെ അത്യാവശ്യമാണ്. സ്വപ്‌നങ്ങളില്‍ നീരാടിയുള്ള സുഖനിദ്ര കഴിഞ്ഞെത്തുന്ന ഓരോ പ്രഭാതവും എന്ത് രസമായിരിക്കും. എല്ലാ ‘ടെന്‍ഷനും’ മറന്നുള്ള സുഖനിദ്ര നല്ല ആരോഗ്യത്തിനും ആവശ്യമാണ്.

ജീവിതം എപ്പോഴും പുതിയതാണ്. ഓരോ പ്രഭാതവും ഓരോ മണിക്കൂറും എന്തിനധികം വരാനിരിക്കുന്ന സെക്കന്‍ഡുകള്‍ പോലും നമുക്ക് പുതിയതാണ്. പക്ഷേ നമ്മള്‍ ഈ പുതുമയിലേക്ക് എത്തുന്നില്ലെങ്കിലോ. എന്തൊരു ബോറ്. ബോറടിച്ച് മടുത്തോ. എങ്കില്‍ പുതിയതായി കിട്ടിയ അടുത്ത സെക്കന്‍ഡില്‍ ഒരു പുത്തന്‍പരീക്ഷണം തന്നെയങ്ങ് നടത്തിക്കളയാം. അത് പാചകത്തിലാകാം, ടി വിയില്‍ കാണുന്ന പരിപാടിയിലാകാം, മുറ്റത്തെ മുല്ലയിലാകാം, കൃഷിയിടത്തിലുമാകാം.

പരീക്ഷണങ്ങള്‍ നടത്തിയാല്‍ മാത്രം പോരാ. പരീക്ഷണം വിജയമാണെങ്കിലും പരാജയമാണെങ്കിലും പരസ്‌പരം അഭിനന്ദിക്കുന്നത് നല്ലതാണ്. നിങ്ങളുടെ പ്രിയതമയെ/പ്രിയതമനെ നിങ്ങള്‍ അഭിനന്ദിച്ചില്ലെങ്കില്‍ വേറെ ആര് അഭിനന്ദിക്കും. അടുക്കളയില്‍ നിന്ന് പുതുരുചി തയ്യാറാക്കി വരുന്ന ഭാര്യയുടെ തോളില്‍ ഒന്ന് തട്ടിനോക്കൂ. അവള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും ഒരു 10 ശതമാനമെങ്കിലും ‘ഓണ്‍ ദ സ്‌പോട്ടി’ല്‍ കൂടും.

എന്താ ടൈംടേബിള്‍ പോലെ ഇനി ഇതൊക്കെ പാലിച്ചോളാം എന്നാണോ. സുഹൃത്തേ പ്രണയം വെറുതെ നിലനില്‍ക്കില്ല. അത് വസന്തകാലം പോലെ എന്നും സുന്ദരമായിരിക്കാന്‍ രണ്ട് പേരും മെനക്കെടണം. പരസ്‌പരം സ്‌നേഹിച്ചും സ്നേഹത്തില്‍ ചെറിയ ചെറിയ വിട്ടു വീഴ്‌ചകള്‍ നടത്തിയും പ്രണയത്തെ നിത്യഹരിതമാക്കാം. എന്താ ഭാര്യയോട് മിണ്ടിയിട്ട് രണ്ട് ദിവസമായെന്നാണോ പറയാന്‍ വരുന്നത്. പിണക്കം സാധാരണമല്ലേ. പക്ഷേ ഇണക്കമാണ് നിത്യഹരിതപ്രണയത്തിന്‍റെ ശക്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :