രേണുക വേണു|
Last Modified ശനി, 11 നവംബര്‍ 2023 (12:35 IST)
കൃത്യമായ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള അസുഖമാണ് കഫക്കെട്ട്. തുടക്ക സമയത്ത് തന്നെ കഫക്കെട്ടിന് ചികിത്സ ഉറപ്പാക്കണം. ഇല്ലെങ്കില്‍ ശ്വാസകോശ അണുബാധയിലേക്ക് വരെ ഇത് നയിച്ചേക്കാം. കഫക്കെട്ടുള്ള സമയത്ത് പ്രധാനമായും ഒഴിവാക്കേണ്ട പാനീയമാണ് മദ്യം. ഒരു കാരണവശാലും ഈ സമയത്ത് മദ്യപിക്കരുത്.
മദ്യപിക്കുമ്പോള്‍ കഫക്കെട്ട് കുറയുമെന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ ഇത് തികച്ചും അശാസ്ത്രീയമാണ്. കഫക്കെട്ട് കാരണം ബാക്ടീരിയല്‍ അണുബാധ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടെങ്കില്‍ മദ്യപിക്കുമ്പോള്‍ അത് ഇരട്ടിയാകും. കഫക്കെട്ടുള്ള സമയത്ത് മദ്യപിക്കുമ്പോള്‍ നിങ്ങളുടെ രോഗ പ്രതിരോധ ശേഷി കുറയും. ശ്വാസകോശ അണുബാധ തീവ്രമാകാനും സാധ്യതയുണ്ട്. മദ്യപാനം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും. കഫക്കെട്ടിന് നിങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും.