രേണുക വേണു|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (14:54 IST)
പ്രമേഹ രോഗികള്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം മറ്റ് പല കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം. അതിലൊന്നാണ് പ്രമേഹ രോഗികള്‍ വാഹനമോടിക്കുമ്പോള്‍ ചെലുത്തേണ്ട ശ്രദ്ധ. പ്രമേഹം കാലുകളുടെ ഞരമ്പുകളെ ബാധിക്കുന്നതിനാല്‍ സ്പര്‍ശന ശക്തി കുറയും. പ്രമേഹ രോഗികള്‍ക്ക് ആക്‌സിലേറ്റര്‍, ബ്രേക്ക് എന്നിവ ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
പ്രമേഹം കണ്ണുകളിലേക്കുള്ള രക്ത ധമനികളെ ബാധിക്കും. ഇത് നിങ്ങളുടെ കാഴ്ചയ്ക്ക് മങ്ങലേല്‍ക്കാന്‍ കാരണമാകും. പ്രമേഹത്തിനു ഇന്‍സുലിന്‍ എടുക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇന്‍സുലിന്‍ എടുത്ത ഉടനെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം.
പ്രമേഹമുള്ളവര്‍ വാഹനമോടിക്കുമ്പോള്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍ ഉണ്ട്. വാഹനം ഓടിച്ചു തുടങ്ങുന്നതിനു മുന്‍പ് ബ്ലഡ് ഷുഗര്‍ പരിശോധിക്കുക. 80 mg/dL ന് കുറവാണ് എങ്കില്‍ 15 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ എന്തെങ്കിലും കഴിക്കുക. 15 മിനിറ്റ് കാത്തിരുന്നതിനു ശേഷം പിന്നീട് വാഹനം ഓടിക്കാം.
ബ്ലഡ് ഷുഗര്‍ ക്രമാതീതമായി കുറഞ്ഞാല്‍ കഴിക്കാനായി എന്തെങ്കിലും കൈയില്‍ കരുതുക. പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ കണ്ണ് പരിശോധന നടത്തണം. തലവേദന, ഉറക്കക്ഷീണം, വിയര്‍പ്പ്, വിശപ്പ്, കാഴ്ചയ്ക്ക് ബുദ്ധിമുട്ട് എന്നിവ തോന്നിയാല്‍ വാഹനം സൈഡാക്കുക.
പ്രമേഹ രോഗികള്‍ ദിവസവും വ്യായാമം ചെയ്യണം. ശരീര ഭാരത്തിനു അനുസരിച്ച് ആവശ്യമായ വെള്ളം കുടിക്കണം. 20 കിലോയ്ക്ക് ഒരു ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് കണക്ക്. ദിവസവും ആറ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ രാത്രി ഉറങ്ങിയിരിക്കണം.