രേണുക വേണു|
Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (20:20 IST)
പുരുഷന്‍മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് സ്ത്രീകള്‍ക്ക്. അതായത് പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ വേഗം മരിക്കുമെന്ന് അര്‍ത്ഥം. 2021 ല്‍ അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം അവിടെയുള്ള സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 79 ആണ്. എന്നാല്‍ പുരുഷന്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ആകട്ടെ 73 ആണ്. സിഡിസി ഡാറ്റ പ്രകാരമാണ് ഈ കണക്കുകള്‍. അമേരിക്കയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഈ വ്യത്യാസം കാണാം.
സ്ത്രീകളേക്കാള്‍ വേഗം പുരുഷന്‍മാര്‍ മരിക്കാന്‍ ജീവശാസ്ത്രപരമായ പല കാരണങ്ങളും ഉണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ പുരുഷന്‍മാരിലാണ് കൂടുതല്‍ കാണപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് പുരുഷന്‍മാരുടെ ആരോഗ്യത്തിനു വലിയ വെല്ലുവിളിയുണ്ടാകുന്നു.
സാഹസങ്ങള്‍ക്ക് മുതിരാനുള്ള ത്വര പൊതുവെ പുരുഷന്‍മാരില്‍ കൂടുതലാണ്. അത് സ്ത്രീകളില്‍ കുറവായിരിക്കും. എന്ത് വിഷത്തെ കുറിച്ചാണെങ്കിലും പുരുഷന്‍മാരേക്കാള്‍ ചിന്തിച്ചായിരിക്കും സ്ത്രീകള്‍ തീരുമാനമെടുക്കുക. ഉദാഹരണത്തിനു മദ്യപിച്ച ശേഷം വാഹനമോടിക്കരുതെന്നാണ് ഭൂരിഭാഗം സ്ത്രീകളും മനസ്സില്‍ തീരുമാനിക്കുക. എന്നാല്‍ പുരുഷന്‍മാരില്‍ അങ്ങനെയല്ല. മദ്യപിച്ച ശേഷം വാഹനം ഓടിക്കാനുള്ള സാഹസം അവര്‍ സ്വയം ഏറ്റെടുക്കുക പതിവാണ്.
സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുന്നത്. ഉദാഹരണത്തിന് സൈന്യം, ഫയര്‍ഫോഴ്സ്, നിര്‍മാണ മേഖലകള്‍ തുടങ്ങിയവ.
പുരുഷന്‍മാരില്‍ സ്ത്രീകളേക്കാള്‍ ഈസ്ട്രജന്റെ അളവ് കുറവാണ്. ഈസ്ട്രജന്‍ അളവ് കുറയുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. സ്ത്രീകളില്‍ ഹൃദയസംബന്ധമായ തകരാറുകള്‍ പുരുഷന്‍മാരേക്കാള്‍ കുറവായിരിക്കും.
സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കണക്കുകള്‍.
ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ വൈദ്യസഹായം തേടാന്‍ പൊതുവെ മടിയുള്ളവരാണ് പുരുഷന്‍മാര്‍. ഇത് പുരുഷന്‍മാരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുമെന്നാണ് ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് ആന്റ് ക്വാളിറ്റി ഏജന്‍സി പുറത്തുവിട്ട പഠനങ്ങളില്‍ പറയുന്നത്.