രേണുക വേണു|
Last Modified ശനി, 9 സെപ്‌റ്റംബര്‍ 2023 (07:38 IST)
'ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്നൊരു ചൊല്ല് മലയാളികള്‍ക്കിടയില്‍ ഉണ്ട്. അതായത് ഭക്ഷണ ശേഷം കുളിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പൊതുവെയുള്ള വിചാരം. എന്നാല്‍, ഭക്ഷണശേഷം കുളിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിന് ശാസ്ത്രീയമായി ഇതുവരെ ഒരു തെളിവും ഇല്ല. എങ്കിലും ഭക്ഷണ ശേഷം ഉടനെ കുളിക്കുമ്പോള്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണ ശേഷം ശരീരതാപനിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകുന്നു. ഇതിലൂടെ ദഹനേന്ദ്രിയങ്ങളിലേക്കുള്ള രക്തയോട്ടം കൂടുന്നു. ഭക്ഷണ കഴിഞ്ഞ ഉടന്‍ കുളിക്കുക കൂടി ചെയ്താല്‍ അത് ശരീര താപനില പിന്നെയും വര്‍ദ്ധിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യുന്നു. ഇത് പൊതുവെ ശരീരത്തില്‍ അസ്വസ്ഥത ഉണ്ടാകും. ഈ അസ്വസ്ഥത ഒഴിവാക്കാനാണ് ഭക്ഷണം കഴിച്ച ഉടനെയുള്ള കുളി വേണ്ട എന്നു പറയുന്നത്.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് 20 മിനിറ്റിന് ശേഷം കുളിക്കുന്നതാണ് ശരീരത്തിനു നല്ലത്. അതേസമയം ഭക്ഷണം കഴിച്ച ഉടനെ കുളിച്ചെന്ന് കരുതി മാരകമായ ഒരു പ്രശ്‌നവും ശരീരത്തില്‍ ഉണ്ടാകുന്നില്ല.