ജലജ ശിവന്‍|
Last Modified ബുധന്‍, 20 നവംബര്‍ 2019 (15:20 IST)
വൈകുന്നേരം നാലുമണിക്ക് ചായയ്ക്കൊപ്പം എന്തുകഴിക്കണം? സാധാരണഗതിയില്‍ ഒരു സംശയവും ഉണ്ടാകില്ല അല്ലേ? ഒന്നുകില്‍ പൊറോട്ടയും ബീഫും, അല്ലെങ്കില്‍ വാഴക്കാ ബജി, ഇതുമല്ലെങ്കില്‍ ഉഴുന്നുവടയും പഴംപൊരിയും. എന്നാല്‍ ഇനി അങ്ങനെ പോരാ. ആരോഗ്യകാര്യങ്ങളിലൊക്കെ കുറച്ച് ശ്രദ്ധ വേണം. എണ്ണയില്‍ പൊരിച്ചെടുക്കുന്ന നാലുമണി വിഭവങ്ങളോട് ഗുഡ്‌ബൈ പറയൂ. പകരം ഒരു പ്ലേറ്റ് മത്തങ്ങക്കുരു കഴിക്കൂ!
എന്താണുഹേ ഈ പറയുന്നത് എന്നാണോ? മത്തങ്ങക്കുരുവിന്‍റെ മഹത്വം അറിയാത്തതുകൊണ്ടാണ്. എന്തൊക്കെ ഗുണങ്ങളാണെന്നോ കാഴ്ചയില്‍ തീരെ കുഞ്ഞന്‍മാരായ ഈ ഭയങ്കരന്‍മാര്‍ക്ക് ?
ഈ മത്തങ്ങ വിത്തുകളില്‍ മഗ്‌നീഷ്യം, കോപ്പര്‍, പ്രോട്ടീന്‍, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ദിവസവും മത്തങ്ങക്കുരു ശീലമാക്കാന്‍ പറയുന്നതിന്‍റെ കാരണങ്ങള്‍ ഒക്കെ ഒന്ന് ശ്രദ്ധിക്കൂ...
1. എല്ലുകള്‍ക്ക് വളരെ നല്ലത്
മത്തങ്ങക്കുരു വറുത്ത് കഴിക്കുന്നത് എല്ലുകളുടെ ബലത്തിന് വളരെ നല്ലതാണ്. മഗ്‌നീഷ്യം കൂടുതല്‍ അളവില്‍ അടങ്ങിയിരിക്കുന്നു എന്നതിലാല്‍ എല്ലുകളുടെ കരുത്ത് വര്‍ദ്ധിക്കുന്നു.
2. പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് മത്തങ്ങക്കുരു കഴിക്കുന്നത് സഹായിക്കും. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ക്ക് ഇത് വളരെ നല്ല ഒരു ആഹാര പദാര്‍ത്ഥമാണ്.
3. ഹൃദയാരോഗ്യത്തിന് ഉത്തമം
മത്തങ്ങക്കുരു ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ്. മഗ്‌നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. മോശം കൊളസ്‌ട്രോളിന്‍റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മത്തങ്ങക്കുരു കഴിക്കുന്നതിലൂടെ കഴിയുന്നു.
4. ഭാരം കുറയ്ക്കുന്നതിന്
ശരീരഭാരം അമിതമായി വര്‍ദ്ധിക്കാതെ നിലനിര്‍ത്തുന്നതിന് പതിവായി മത്തങ്ങക്കുരു കഴിക്കുന്നത് സഹായിക്കും. മാത്രമല്ല, നല്ല ദഹനത്തിനും മത്തങ്ങക്കുരു ഉത്തമമാണ്.
5. നല്ല ഉറക്കം കിട്ടാന്‍
മത്തങ്ങക്കുരു കഴിക്കുന്നത് ശീലമാക്കിയാല്‍ നല്ല ഉറക്കം ലഭിക്കുന്നതിന് അത് കാരണമാകും. ഗാഢമായ ഉറക്കം ലഭിക്കുന്നത് മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
6. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍
മത്തങ്ങക്കുരു മികച്ച രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പദാര്‍ത്ഥമാണ്. ജലദോഷവും പനിയും വരാതെ ആരോഗ്യകരമായ ഒരു ജീവിതത്തിന് ഇത് കഴിക്കുന്നത് ശീലമാക്കാം. മത്തങ്ങക്കുരുവിലെ വൈറ്റമിന്‍ ഇയുടെ സാന്നിധ്യം രോഗങ്ങള്‍ വരാതെ കാക്കാന്‍ സഹായിക്കുന്നു.
7. മുടി തഴച്ചുവളരാന്‍
ചില പ്രത്യേക ആന്‍റി ഓക്‍സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മത്തങ്ങക്കുരു കഴിക്കുന്നത് മുടി വളരുന്നതിന് സഹായമാകും. മുടിയുടെ ആരോഗ്യത്തിന് മത്തങ്ങക്കുരുവിലെ മൈക്രോ ന്യൂട്രിയന്‍റ്സ് സഹായിക്കുന്നു.
മത്തങ്ങക്കുരു എങ്ങനെയൊക്കെ കഴിക്കാമെന്നാണോ അടുത്ത ചോദ്യം? ഒന്നും ചെയ്യാതെ അങ്ങനെ തന്നെ കഴിക്കാവുന്നതാണ്. ഫ്രൈ ചെയ്ത് കഴിക്കാം. സാലഡിലോ സൂപ്പിലോ ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്.