എല്ലാവരും പറയുന്നത് പോലെ അത് ഒരു കുറ്റമല്ല, ഓരോ വ്യക്തിയുടെയും അവകാശമാണ് !

Marriage ,  Divorce ,  Lifestyle ,  Right , വിവാഹം ,  വിവാഹമോചനം ,  ജീവിതരീതി ,  അവകാശം
സജിത്ത്| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (12:26 IST)
വിവാഹത്തേക്കാൾ പ്രാധാന്യത്തോടെയാണ് ചിലര്‍ വിവാഹമോചനത്തെ കാണുന്നത്. ചിലരുടെയെല്ലാം ജീവിതത്തിന്റെ ദൈർഘ്യം കാണുമ്പോൾ വിവാഹമോചനത്തിനായി ഒന്നിച്ചതാണോ എന്ന് പോലും തോന്നിപോകും. കുടുംബം തകരാതിരിക്കാൻ സ്നേഹവും സംരക്ഷണവും നൽകി മുന്നോട്ട് പോകുന്നവർക്ക് തന്നെ അപമാനമാണ് ഇത്തരത്തിൽ വിവാഹമോചനം നേടുന്നവർ എന്ന് പറയുന്നവരും ഉണ്ട്. വിവാഹമോചനത്തേക്കാൾ ഒന്നിച്ചുള്ള കുടുംബ ജീവിതമാണ് സന്തോഷമെന്ന് വിശ്വസിക്കുന്നവരാണ് ഈ അഭിപ്രായം പറയുന്നത്.

വിവാഹമോചനം എന്ന് കേൾക്കുമ്പോൾ തന്നെ 'കഷ്ടം' എന്ന് പറയുന്നവരാണ് ഓരോ മലയാളികളും. അതേ മലയാളികളിലാണ് ഈ സംഭവം കൂടുന്നതും. ശരിക്കും വിവാഹമോചനത്തെ എതിർക്കുന്നവർ അല്ലെങ്കിൽ അവരെ പഴി ചാരുന്നവർ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. വിവാഹമോചനം എന്നത് ഒരു കുറ്റമല്ല അത് ഓരോ വ്യക്തിയുടെയും അവകാശം കൂടിയാണ്.

വിവാഹം കഴിക്കുന്നുവെന്ന് പറയുന്നവരോട് എന്തിന് കഴിക്കുന്നു അല്ലെങ്കിൽ എന്തുകൊണ്ട് കഴിക്കുന്നു എന്നീ തരത്തിലുള്ള ചോദ്യങ്ങൾ ആരും ചോദിക്കാറില്ല. എന്നാൽ, വേർപിരിഞ്ഞവരോട് എന്തിന്? എപ്പോൾ? എന്തുകൊണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സമൂഹം ചോദിച്ചു കൊണ്ടേയിരിക്കുന്നു. വിവാഹം കഴിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിൽ വിവാഹമോചിതരാകുവാനുള്ള അവകാശവും എല്ലാവർക്കും ഉണ്ട്.

തന്റെ സൃഷ്ടിയായ മനുഷ്യന് ദൈവം നല്‍കിയ ഒരനുഗ്രഹമാണ് വിവാഹമെന്ന് പറയാറുണ്ട്. ആ അനുഗ്രഹം ജീവിതത്തിലും ഉണ്ടായെങ്കിൽ മാത്രമേ സന്തുഷ്ട കുടുംബം എന്ന് പറയാൻ സാധിക്കുകയുള്ളൂ. എന്നാൽ, ജീവിതം പരാജയമെന്ന് തോന്നിയാൽ വേർപിരിയുക തന്നെ വേണം. അതല്ല, എല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ അവർക്ക് അതിനു കഴിയുകയും ചെയ്യും.

താൻ ചെയ്യുന്നതോ/ചെയ്തതോ ആയ കാര്യം തെറ്റിപ്പോയോ എന്ന് ഒരിക്കലും തോന്നരുത്. അങ്ങനെ തോന്നിയാൽ അതും നിങ്ങളുടെ തന്നെ പരാജയമാണ്. ദമ്പതികളിൽ ഉണ്ടായിരുന്ന വിശ്വാസം, പ്രണയം, ഇതെല്ലാം ഇല്ലാതാകുമ്പോഴാണ് പലരും വിവാഹമോചനത്തിലേക്ക് തിരിയുന്നത് തന്നെ. അതിന്റെ ഏറ്റവും വലിയ തെളിവാണ് വിവാഹമോചന കണക്കുകൾ.

ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന ഉത്തമബോധ്യം രണ്ടുപേർക്കും ഉണ്ടാവുകയാണെങ്കിൽ ബാക്കി ജീവിതമെന്ത് എന്ന് അവർക്ക് തീരുമാനിക്കാനുള്ളതാണ്. അത് അവരുടെ അവകാശമാണ്. എന്തിനേയും സദാചാര ബോധത്തോടു കൂടി കാണുന്ന ചില മലയാളികൾ അതിനുള്ളിലെ രസക്കൂട്ടുകളെ തിരയാൻ മെനക്കെടും. ഒരു വിവാഹമോചനവും ചോദ്യം ചെയ്യപ്പെടാനുള്ളതല്ല.

ജീവിക്കുവാനുള്ള അവകാശം ഓരോ പൗരനും ഉള്ളപോലെ, തന്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും ഓരോ പൗരനുമുണ്ട്. പരസ്പരം സ്നേഹിക്കുന്ന ഭാര്യഭാ൪ത്താക്കള്‍, വാത്സല്യത്തോടെ വളര്‍ത്തപ്പെടുന്ന സന്തതികള്‍, പടച്ചവന്റെ അനുഗ്രഹങ്ങള്‍ക്ക് അവനു നന്ദി കാണിച്ചുകൊണ്ടുള്ള ജീവിതം. ഓരോ ജീവിതത്തിനും ദൈവത്തിന്റെ അനുഗ്രഹവും മനുഷ്യന്റെ കഠിനാധ്വാനവും ഉണ്ടെങ്കിൽ അവിടെ സ്നേഹവും സന്തോഷവുമുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :