aparna|
Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (09:26 IST)
പ്രണയം ചിലപ്പോഴൊക്കെ അത്ഭുതമാകാറുണ്ട്. പ്രണയിച്ച ആള്‍ക്കായി ജീവന്‍ പോലും നല്‍കാന്‍ തയ്യാറാകുന്നവരും ഉണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് ഇതുപോലൊരു പ്രണയകഥയാണ്. കഥയിലെ നായികയുടെയും നായകന്റേയും മകള്‍ എഴുതിയ രീതിയിലാണ് പോസ്റ്റ് വൈറലാകുന്നത്. ആരുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഈ കഥ നടക്കുന്നത് കോഴിക്കോട് തിരുവമ്പാടി എന്ന കൊച്ചു ഗ്രാമത്തിലാണ്. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ....
ഒരു പ്രണയ വിവാഹം.....
വീട്ടുകാരറിയാതെ ആ പ്രണയജോഡികള്‍ വിവാഹം രജിസ്റ്റര് ചെയ്തു. ഇരുവരും സ്വന്തം വീടുകളിലേക്ക് തിരികെ പോയി. രജിസ്റ്റര്‍ ചെയ്തു മൂന്നാം ദിവസം കാമുകന്‍ തന്റെ പ്രിയതമയുമായി വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ പെട്ടന്നു സ്വന്തം മകന്റെ കൈപിടിച്ചൊരു പെണ്ണ് കയറി വരുന്നതുകണ്ടപ്പോള്‍ ഏതൊരമ്മയെപ്പോലെ ആ അമ്മയുടെ മനസ്സും നൊന്തു. മരുമകളെ കൈപിടിച്ചു കയറ്റാന്‍ അവരുടെ മനസ്സനുവദിച്ചില്ല.
പകച്ചു നിന്ന ആ പെണ്‍കുട്ടിയെ കരുണാമയനായ അച്ഛന്‍ മരുമകളായി കൈപിടിച്ചു കയറ്റി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ അമ്മയുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ മരുമകള്‍ക്ക് കഴിഞ്ഞു. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്. ആ സന്തോഷം അധികനാള്‍ ഉണ്ടായില്ല. ആറുമാസം കഴിഞ്ഞപ്പോള്‍ സ്നേഹസമ്പന്നനായ ഭര്‍ത്താവ് മരത്തില്‍ നിന്നു വീണു.
വിധി ആ പത്തൊമ്പതുകാരിയെ നോക്കി പരിഹസിച്ചു ചിരിച്ചു. അവളുടെ ഭര്‍ത്താവിന്റെ ഒരു വശം തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട് ഓര്‍മ നശിച്ചു കഴിഞ്ഞിരുന്നു. പക്വതയെത്താത്ത മരുമകളുടെ വിധി ആ അമ്മയെ വല്ലാതെ വേദനിപ്പിച്ചു. അവള്‍ക്ക് പ്രതീക്ഷയാകാനൊരു കുഞ്ഞുപോലുമുണ്ടായിരുന്നില്ല. ഇനിയൊരിക്കലും സ്വന്തം മകന് പഴയ ജീവിതം തിരിച്ചു കിട്ടില്ലെന്ന് വിശ്വസിച്ച മരുമകളോട് അവളുടെ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കൊള്ളാനും മറ്റൊരു വിവാഹം കഴിക്കാനും ഉപദേശിച്ചു.
എന്നാല്‍ അവള്‍ പോകാന്‍ തയാറായില്ല. തന്റെ പ്രിയതമന്‍ എന്നെങ്കിലും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഭക്ഷണവും ഉറക്കവുമില്ലാതെ പാതി ജീവന്‍ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനു കാവലിരുന്നു. സ്വന്തം വിധിയെ പഴിക്കാതെ ആ പെണ്‍കുട്ടി വിധിയോട് വാശിയോടെ പൊരുതി.
ഒടുവില്‍ വിധി അവളുടെ ഭര്‍ത്തൃസ്നേഹത്തിനു മുമ്പില്‍ കീഴടങ്ങി. അവളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഒന്നരവര്‍ഷത്തിനു ശേഷം അയാളുടെ തളര്‍ന്ന ശരീരഭാഗങ്ങള്‍ ചലിക്കാന്‍ തുടങ്ങി. പതിയെ സംസാരിക്കാന്‍ തുടങ്ങി. എല്ലാവരും ആ വാര്‍ത്ത ആശ്ചര്യത്തോടെയാണ് കേട്ടത്. അറിഞ്ഞവരെല്ലാവരും ഒരുപോലെ പറഞ്ഞു. ദൈവം അവളുടെ സ്നേഹം കണ്ടു തിരിച്ചു നല്‍കിയതാണ് അവനെ.
പിന്നെയും കുറേ നാളുകളെടുത്തു ആ യുവാവൊന്നു നടന്നു തുടങ്ങാന്‍. ഒരു കുഞ്ഞിനെ നോക്കുമ്പോലെ അവളവനെ ശുശ്രൂഷിച്ചു. പിച്ച വെച്ചു തുടങ്ങുന്ന കുഞ്ഞിനെപ്പോലെ നടക്കാന്‍ അദ്ദേഹത്തിനു ഭയമായിരുന്നു. ഒരു കാല്‍വെപ്പിനു ശേഷം അടുത്ത കാല്‍ വെക്കുമ്പോള്‍ വീണുപോകുന്ന ഭര്‍ത്താവിനു താങ്ങും തണലുമായി ആ ഭാര്യ ഉണ്ടായിരുന്നു. പതുക്കെ വിധി ഇല്ലാതാക്കിയ അവരുടെ പഴയ സന്തോഷനാളുകള്‍ തിരിച്ചു വന്നു. അവള്‍ ഗര്‍ഭം ധരിച്ചു. ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അവനൊരു കുഞ്ഞനിയത്തിയുമുണ്ടായി.
വര്‍ഷങ്ങള്‍ കടന്നു പോയി. അവരുടെ മകന്‍ വിവാഹിതനായി. അതുമൊരു പ്രണയവിവാഹം തന്നെയായിരുന്നു. മരുമകളെ ഇരുകൈയും നീട്ടി അവര്‍ സ്വീകരിച്ചു. മറ്റൊരു മതത്തില്‍ നിന്ന് മകള്‍ക്ക് വന്ന വിവാഹാലോചനയും അവര്‍ നിരസിച്ചില്ല.
അങ്ങനെ പരസ്പരം സ്നേഹിച്ചും പരിഭവിച്ചും വിധിയെ സ്നേഹം കൊണ്ട് തോല്‍പിച്ചും ഇണ പിരിയാതെ അവര്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. അവരുടെ മകളായി ജനിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു.
ഇനിയെത്ര ജന്മങ്ങളുണ്ടായാലും എനിക്കെന്റെ അച്ഛായിയുടെയും അമ്മച്ചിയുടെയും കുഞ്ഞായി ജനിച്ചാല്‍ മതി. കുട്ടേട്ടന്റെ അനിയത്തിയായും ഏട്ടത്തീടെ നാത്തൂനായും ഇച്ചായിയുടെ മാളൂട്ടിയായും ജീവിച്ചാല്‍ മതി.
ഒരായിരം വിവാഹവാര്‍ഷികാശംസകള്‍ അച്ഛായീ......അമ്മച്ചീ...... #കടപ്പാട്
ഫേസ്ബുക്ക്