ഓര്‍മ്മയില്ലേ ഷവര്മ്മയെന്ന വില്ലനെ. രണ്ടു പേരുടെ ജീവനെടുത്ത ഒരു പാവം ഭക്ഷണസാധനമെന്ന് ഒറ്റവാക്കില്‍ പറയാം. ഇടക്കാലത്ത് കടകളില്‍ നിന്ന് അപ്രത്യക്ഷമായ ഷവര്‍മ്മ വീണ്ടും ബേക്കറികളിലും കടകളിലും ഫാസ്റ്റ് ഫുഡ്ഡ് കടകളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി. വ്യാപകമായ പ്രതിഷേധവും മറ്റും ഉണ്ടായതിനെത്തുടര്‍ന്നാണ് ഷവര്‍മ്മ കടകളില്‍ നിന്ന് പിന്‍വലിച്ചത്.
ഷവര്‍മ്മ കഴിച്ച് ആളുകള്‍ മരിക്കുകയും, ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് അസുഖം വന്നതിനെത്തുടര്‍ന്നാണ് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് കച്ചവടം നിര്‍ത്തിവെച്ചത്. വീണ്ടും കച്ചവടം ആരംഭിച്ചുവെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും ഒരുക്കാതെ തുറസ്സായ സ്ഥലത്താണ് പലയിടങ്ങളിലും ഷവര്‍മ്മ വില്‍പ്പന.
വേനല്‍ക്കാലത്ത് ശക്തമായ കാറ്റും പൊടിയും മറ്റും ഇതില്‍ പറ്റിപ്പിടിക്കുവാനും കഴിക്കുന്ന ആളുകള്‍ക്ക് അസുഖങ്ങളും മറ്റും വരുവാന്‍ സാധ്യത കൂടുതലാണ്. മതിയായ സുരക്ഷാ സംവിധാനങ്ങള്ഒരുക്കിയ ശേഷം മാത്രം വില്ക്കുവാന് ആരോഗ്യവകുപ്പ് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.