ഇഞ്ചുറി ടൈമിലെ ഗോള്‍ രക്ഷിച്ചു; യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം

ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്

Portugal Football Team
രേണുക വേണു| Last Modified ബുധന്‍, 19 ജൂണ്‍ 2024 (09:05 IST)
Football Team
യൂറോ കപ്പില്‍ വിജയത്തോടെ തുടങ്ങി പോര്‍ച്ചുഗല്‍. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ യൂറോ പോരാട്ടത്തിനു തുടക്കം കുറിച്ചത്. ഇഞ്ചുറി ടൈമിലെ ഗോളാണ് പോര്‍ച്ചുഗലിന് ജയം സമ്മാനിച്ചത്. ഒരു ഗോളിനു ലീഡ് സ്വന്തമാക്കിയ ശേഷമാണ് ചെക്ക് റിപ്പബ്ലിക്ക് തോല്‍വി വഴങ്ങിയത്.

ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡ് നേടിയ ഗോളിലൂടെയാണ് ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തിയത്. എന്നാല്‍ 69-ാം മിനിറ്റില്‍ റോബിന്‍ റനാക്കിന്റെ സെല്‍ഫ് ഗോള്‍ ചെക്ക് റിപ്പബ്ലിക്കിനു തിരിച്ചടിയായി. 1-1 സമനിലയില്‍ മത്സരം അവസാനിക്കുമെന്ന് തോന്നിയപ്പോള്‍ പോര്‍ച്ചുഗലിന്റെ രക്ഷകനായി ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സോ എത്തി. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ ഫ്രാന്‍സിസ്‌കോ 92-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്.

ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനക്കാരാണ്. ടര്‍ക്കിയാണ് ആദ്യ സ്ഥാനത്ത്. ജൂണ്‍ 22 ശനിയാഴ്ച ടര്‍ക്കിക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :