Euro 2024: ജയിച്ചുതുടങ്ങാൻ റൊണാൾഡോയുടെ പറങ്കിപ്പട ഇന്നിറങ്ങുന്നു, ചെക്ക് വെയ്ക്കാൻ റിപ്പബ്ലിക്, കളി എപ്പോൾ എവിടെ കാണാം?

Ronaldo, Euro 2024
അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ജൂണ്‍ 2024 (14:40 IST)
Ronaldo, Euro 2024
യൂറോ കപ്പില്‍ വിജയിച്ച് തുടങ്ങാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു. ചെക്ക് റിപ്പബ്ലിക്കാണ് ആദ്യ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 12:30നാണ് മത്സരം തുടങ്ങുക. സോണി സ്‌പോര്‍ട്‌സിലും നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും. യോഗ്യത റൗണ്ടിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് പോര്‍ച്ചുഗലിന്റെ വരവ്. സൂപ്പര്‍ ഫോമിലുള്ള ക്രിസ്റ്റ്യാനോയുടെ പ്രകടമാണ് പോര്‍ച്ചുഗലിന്റെ കരുത്ത്.


റൂബന്‍ ഡയസ്, ബെര്‍ണാഡോ സില്‍വ,ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ പോര്‍ച്ചുഗല്‍ നിര ശക്തമാണ്. ക്രിസ്റ്റ്യാനോയുടെ അവസാന യൂറോ കപ്പാകുമെന്ന് കരുതുന്ന ടൂര്‍ണമെന്റ് കിരീടത്തോടെ അവസാനിപ്പിക്കുക എന്നതാകും പോര്‍ച്ചുഗലിന്റെ ലക്ഷ്യം. അതേസമയം യൂറോപ്പ് വിട്ട് അറേബ്യന്‍ ലീഗിലേക്ക് മാറിയ ശേഷം റൊണാള്‍ഡോ ഇറങ്ങുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റാണ് ഇത്. 2016ല്‍ പോര്‍ച്ചുഗല്‍ കപ്പ് നേടിയെങ്കിലും ഫൈനല്‍ മത്സരത്തില്‍ പരിക്ക് മൂലം റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. അതിന് ശേഷം നടന്ന 2 ലോകകപ്പുകളിലും യൂറോകപ്പിലും റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പറങ്കികള്‍ക്ക് പ്രീ ക്വാര്‍ട്ടറിനപ്പുറം പോകാന്‍ സാധിച്ചിരുന്നില്ല.


അതേസമയം എഴുതിത്തള്ളാന്‍ സാധിക്കുന്നവരല്ല എതിരാളികളായ ചെക് റിപ്പബ്ലിക്. അവസാന 5 മത്സരങ്ങളിലും വിജയിച്ചെത്തുന്ന ചെക് റിപ്പബ്ലിക് വലിയ ആത്മവിശ്വാസത്തിലാണ്. 1996ല്‍ റണ്ണേഴ്‌സ് അപ്പായ ചെക് റിപ്പബ്ലിക് അവസാന 3 യൂറോകപ്പിലും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. പാട്രിക് ഷിക്കിന്റെ സ്‌കോറിംഗ് മികവിലാണ് ചെക് റിപ്പബ്ലിക്കിന്റെ പ്രതീക്ഷകള്‍. കഴിഞ്ഞ യൂറോയില്‍ 5 ഗോളുകള്‍ നേടിയ പാട്രിക് ഷിക്കും റൊണാള്‍ഡോയുമായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍മാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :