പരിശീലന സമയത്ത് ആയിരം പെനാല്‍റ്റികള്‍ എടുത്തു, പറഞ്ഞിട്ടെന്താ കാര്യം; തോല്‍വിക്ക് പിന്നാലെ സ്‌പെയിന്‍ പരിശീലകന്‍

ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് മൊറോക്കോയുടെ ജയം

രേണുക വേണു| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (10:31 IST)

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ അട്ടിമറിച്ചാണ് മൊറോക്കോ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത്. ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് മൊറോക്കോയുടെ ജയം. ഒരു കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ സ്‌പെയിന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. തോല്‍വിക്ക് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്‍ റിക്. പരിശീലന സമയത്ത് ആയിരം പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ എടുത്ത് നോക്കിയിട്ടുണ്ടെന്നും എന്നാല്‍ മത്സരത്തിലേക്ക് വന്നപ്പോള്‍ അതൊന്നും ഫലം കണ്ടില്ലെന്നും എന്‍ റിക് പറയുന്നു.

' ചെയ്യേണ്ടതെല്ലാം അവര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് തന്നെ സ്‌പെയിന്‍ ക്യാംപില്‍ വെച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട് ചുരുങ്ങിയത് 1000 പെനാല്‍റ്റികളെങ്കിലും എടുക്കണമെന്ന്. പെനാല്‍റ്റി പരിശീലിക്കാന്‍ മത്സരം ആകുന്നതുവരെ കാത്തിരിക്കരുത്. ടെന്‍ഷന്‍ അതിന്റെ പാരമ്യത്തിലെത്തുന്ന സമയമാണ് പെനാല്‍റ്റി ഷൂട്ടൗട്ട്. ആയിരം തവണയെങ്കിലും പരിശീലിച്ചാല്‍ മാത്രമേ നമ്മള്‍ വിചാരിച്ച പോലെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കൂ. ഞങ്ങളുടെ ഒരുപാട് താരങ്ങള്‍ പെനാല്‍റ്റി പരിശീലിക്കുന്നത് ഞാന്‍ കാണാറുണ്ട്. പക്ഷേ ഇവിടെ ഫലം കണ്ടില്ല,' സ്പാനിഷ് പരിശീലകന്‍ മത്സരശേഷം പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :