അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ഡിസംബര്‍ 2022 (09:39 IST)
ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ മിന്നുന്ന വിജയം കൊണ്ട് ക്വാർട്ടറിൽ പ്രവേശിച്ചുവെങ്കിലും പോർച്ചുഗലിൻ്റെ വിജയത്തിൽ പല ആരാധകരും സംതൃപ്തരല്ല. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഇല്ലാതെയായിരുന്നു ഇന്നലെ ആദ്യ ഇലവനിൽ
പോർച്ചുഗൽ കളിക്കാനിറങ്ങിയത്. റൊണാൾഡോയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് ലോകത്തെ ഞെട്ടിച്ചിരുന്നു.
എന്നാൽ റോണോയ്ക്ക് പകരക്കാരനായെത്തിയ യുവതാരം റാമോസ് ഹാട്രിക്കോടെയാണ് കോച്ചിൻ്റെ തീരുമാനത്തെ ന്യായീകരിച്ചത്. ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു താരത്തിൻ്റെ ബൂട്ടിൽ നിന്നും പിറന്നത്. റൊണാൾഡോയെ ആദ്യ ഇലവനിൽ നിണ്ണും പുറത്താക്കാനുള്ള തീരുമാനം തൻ്റേത് മാത്രമായിരുന്നുവെന്ന് കോച്ച് ഫെർണാണ്ടോ സാൻ്റോസ് പറയുന്നു.
കളി തുടങ്ങുന്നതിന് മുൻപ് എന്തുകൊണ്ടാണ് തീരുമാനമെടുത്തത് എന്നതെല്ലാം റൊണാൾഡോയോട് പറഞ്ഞിരുന്നതായും സാൻ്റോസ് വെളിപ്പെടുത്തി. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ താരത്തെ സബ് ചെയ്തതിൽ റോണോ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു കഴിഞ്ഞ മത്സരത്തിൽ താരത്തെ ആദ്യ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റി നിർത്തിയത്.
ഞാനും റോണോയും തമ്മിൽ ഒരു പ്രശ്നവുമില്ല. ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളാണ്. കളി തുടങ്ങും മുൻപ് എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. അവൻ ഒരു മികച്ച ക്യാപ്റ്റൻ്റെ മാതൃക കാണിച്ചു. സാൻ്റോസ് വ്യക്തമാക്കി.