ഇതിഹാസങ്ങൾ ഏറ്റുമുട്ടുമോ? മെസ്സി ക്രിസ്റ്റ്യാനോ ഫൈനലിന് എത്രത്തോളം സാധ്യത

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (17:05 IST)
ഖത്തർ ലോകകപ്പിൽ ക്വാർട്ടർ മത്സരങ്ങൾക്ക് അരങ്ങൊരുങ്ങുമ്പോൾ ലോകമെങ്ങും ആവേശത്തിലാണ്. ടൂർണമെൻ്റ് ഫേവറേറ്റുകളായ അർജൻ്റീനയ്ക്കും ബ്രസീലിനുമൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കൂടി അതിശക്തമായി കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ മുൻനിരയിൽ വന്നതോടെ അർജൻ്റീന പോർച്ചുഗൽ ഫൈനലിന് ഖത്തറിൽ അരങ്ങൊരുങ്ങുമോ എന്ന ആകാംക്ഷയിലാണ് ലോകം.

നിലവിൽ ലയണൽ മെസ്സിക്ക് 35ഉം ക്രിസ്റ്റ്യാനോയ്ക്ക് 37ഉം വയസാണുള്ളത്. ആധുനിക ഫുട്ബോളിലെ ഇതിഹാസങ്ങളായ രണ്ട് പേർക്കും ഇതുവരെയും ലോകകിരീടം സ്വന്തമാക്കാനായിട്ടില്ല. ഇനിയൊരു ലോകകപ്പിന് കൂടി ഇരു താരങ്ങൾക്കും ബാല്യമില്ലെന്നിരിക്കെ കിരീടനേട്ടത്തോടെ പടിയിറങ്ങാനാണ് ഇരു താരങ്ങളും ലക്ഷ്യമിടുന്നത്.

ക്വാർട്ടർ ലൈനപ്പ് വ്യക്തമായതോടെ ഇരു ടീമുകളും മുന്നേറിയാൽ ഒരു മെസ്സി- റൊണാൾഡോ എറ്റുമുട്ടലിനാകും ഖത്തർ സാക്ഷ്യം വഹിക്കുക. ക്വാർട്ടറിൽ നെതർലൻഡ്സാണ് അർജൻ്റീനയുടെ എതിരാളികൾ. ഇതിൽ വിജയിക്കാനായാൽ ക്രൊയേഷ്യയോ ബ്രസീലോ ആകും സെമിയിൽ എതിരാളികൾ.

പോർച്ചുഗലിനാകട്ടെ മൊറോക്കൊയുമായാണ് ക്വാർട്ടർ മത്സരം. ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരത്തിലെ വിജയികളെയാകും സെമിയിൽ പോർച്ചുഗൽ നേരിടുക. കാര്യങ്ങൾ ഇത്തരത്തിൽ സംഭവിച്ചാൽ ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാകും ഫൈനലിൽ മാറ്റുരയ്ക്കുക. ഇതോടെ ഏതെങ്കിലും താരത്തിന് തങ്ങളുടെ കരിയർ അതിൻ്റെ എല്ലാ വിധ പ്രൗഡിയോടെയും അവസാനിപ്പിക്കാനുള്ള അവസരമാകും ലഭിക്കുക. ബ്രസീൽ- അർജൻ്റീന സ്വപ്ന സെമിക്കൊപ്പം തന്നെ പോർച്ചുഗൽ- അർജൻ്റീന ഫൈനലിനായുമുള്ള കാത്തിരിപ്പിലാണ് ആരാധകർ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :