അഭിറാം മനോഹർ|
Last Modified വ്യാഴം, 3 ഡിസംബര്‍ 2020 (16:17 IST)
ഇതിഹാസ ഫുട്‌ബോൾ താരം ഡീഗോ മറഡോണയ്‌ക്ക് ആദരമർപ്പിച്ച സംഭവത്തിൽ സൂപ്പർ താരം ലയണൽ മെസിക്ക് 600 യൂറോ പിഴ ചുമത്തി. മറഡോണയുടെ വിയോഗത്തിന് പിന്നാലെ ഒസാസുനയ്‌ക്കെതിരെയാണ് മെസി ആദ്യം കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 73ആം മിനിറ്റിൽ ഒസാസുനയ്‌ക്കെതിരെ ഗോൾ നേടിയതിന് ശേഷമായിരുന്നു മെസി ഗോൾ തന്റെ മുൻഗാമിയായ ഡീഗോ മണ്ഡോണയ്‌ക്ക് സമർപ്പിച്ച് ആദരവറിയിച്ചത്. ബാഴ്‌സയുടെ ജേഴ്‌സി ഊരിമാറ്റി മറഡോണയുടെ 10ആം നമ്പർ ന്യൂവെൽസ് ഓൾഡ് ബോയ്സ് ജേഴ്‌സിയാണ് മെസി പ്രദർശിപ്പിച്ചത്. സംഭവം നടന്നപ്പോൾ തന്നെ മെസിക്ക് റഫറി മഞ്ഞക്കാർഡ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലാ ലിഗ പിഴ വിധിച്ചിരിക്കുന്നത്.
ഫുട്ബോൾ ഇതിഹാസത്തിന് ആദരവറിയിക്കുകയാണ് മെസി ചെയ്‌തതെങ്കിലും ആർട്ടിക്കിൾ 93പ്രകാരം ജേഴ്സി ഊരി മാറ്റുന്ന കളിക്കാരെ അതിനുള്ള കാരണം എന്തുതന്നെയായാലും ശിക്ഷിക്കണം എന്നാണ് ചട്ടമെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.